അഹമ്മദാബാദ് വിമാനാപകടം; അട്ടിമറി സാധ്യത തള്ളി കേന്ദ്ര സർക്കാർ



ഡൽഹി: രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തിൽ അട്ടിമറി സാധ്യത തള്ളി കേന്ദ്ര സർക്കാർ രം​ഗത്ത്. തകർന്ന വിമാനം ഈ മാസം നിരവധി സർവീസുകൾ നടത്തിയിരുന്നു എന്നാണ് സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. വിമാന ദുരന്തത്തിൽ അന്വേഷണത്തിനായി കേന്ദ്ര വ്യോമയാന മന്ത്രാലയം വിദ​ഗ്ധ സമിതി രൂപീകരിച്ചിട്ടുണ്ട്. നേരത്തെ മൂന്ന് ഏയർ ഇന്ത്യ വിമാനങ്ങളിൽ തകാർ കണ്ടെത്തിയിരുന്നു. ഡൽഹി ഹൈദരാബാദ് – വിന്റ്ഷീൽഡിന് കേടുപറ്റിയെന്നും ചൂണ്ടിക്കാണിക്കുന്നു. കൊൽക്കത്ത-മുംബൈ വിമാനത്തിൽ ഹൈഡ്രോളിക് ഗിയറിൽ ലീക്കേജ് കണ്ടെത്തിയിരുന്നു. ചണ്ഡീഗഡ്-ലേ വിമാനത്തിലും ലീക്കേജ് കണ്ടെത്തിയിരുന്നു.

അതേസമയം വ്യാഴാഴ്ച ഉച്ചയ്ക്ക് 1.39-ന് അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേയ്ക്ക് പറന്നുയർന്ന എയർ ഇന്ത്യയുടെ വിമാനം നിമിഷങ്ങൾക്കകമാണ് വിമാനത്താവളത്തിന് സമീപമുള്ള ജനവാസ കേന്ദ്രത്തിൽ ഇടിച്ചിറങ്ങിയത്. 12 ജീവനക്കാർ അടക്കം 242 പേരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. 169 ഇന്ത്യക്കാരും 52 ബ്രിട്ടീഷ് പൗരന്മാരും ഏഴ് പോർച്ചുഗീസ് പൗരന്മാരും ഒരു കനേഡിയൻ പൗരനുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.

അപകടത്തിൽ പത്തനംതിട്ട പുല്ലാട് സ്വദേശിയായ രഞ്ജിത ഗോപകുമാരൻ നായരും മരിച്ചിരുന്നു. ബ്രിട്ടനിൽ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു രഞ്ജിത. മൂന്ന് ദിവസത്തെ അവധിക്ക് നാട്ടിൽ വന്നതിന് ശേഷം ലണ്ടനിലേയ്ക്ക് മടങ്ങുകയായിരുന്നു രഞ്ജിത. അതേസമയം, എയർ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനാപകടം നടന്ന സ്ഥലത്തും അപകടത്തിൽ പരിക്കേറ്റവർ കഴിയുന്ന ആശുപത്രിയിലും പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിച്ചിരുന്നു. അപകടം നടന്ന സ്ഥലത്താണ് പ്രധാനമന്ത്രി ആദ്യമെത്തിയത്. ഇതിന് പിന്നാലെയായിരുന്നു പരിക്കേറ്റവർ കഴിയുന്ന ആശുപത്രിയിലെത്തിയത്. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരുമായും ബന്ധുക്കളുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ഇതിന് ശേഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അടക്കമുള്ളവർ പങ്കെടുക്കുന്ന അവലോകന യോഗത്തിലും പ്രധാനമന്ത്രി പങ്കെടുത്തു.

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പന്ത്രണ്ട് വിദ്യാർത്ഥികളുടെ നില ഗുരുതരമെന്നാണ് വിവരം. ഇവർ അഹമ്മദാബാദിൽ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുകയാണ്.


Post a Comment

0 Comments