തിരുവനന്തപുരം: കൊല്ലം തേവലക്കര ബോയ്സ് സ്കൂളിൽ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന്‍റെ മാതാപിതാക്കള്‍ക്ക് സഹായധനം നൽകാൻ മന്ത്രിസഭ യോഗത്തില്‍ തീരുമാനം. മിഥുന്‍റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 10 ലക്ഷം രൂപ അനുവദിക്കാനാണ് തീരുമാനമായത്. കെഎസ്ഇബി നേരത്തെ 5 ലക്ഷം രൂപ നൽകിയിരുന്നു. 5 ലക്ഷം രൂപ കൂടി മന്ത്രി കെ. കൃഷ്ണന്‍ കുട്ടി മിഥുന്‍റെ വീട്ടിലെത്തി നാളെ കൈമാറുമെന്ന് കോവൂര്‍ കുഞ്ഞുമോൻ എംഎൽഎ അറിയിച്ചു. പൊതു വിദ്യാഭ്യസ വകുപ്പിന്‍റെ അക്കൗണ്ടിൽ നിന്ന് മൂന്ന് ലക്ഷം രൂപ അടിയന്തര സഹായം മന്ത്രി വി. ശിവന്‍കുട്ടി പ്രഖ്യാപിച്ചിരുന്നു. തേവലക്കര സ്കൂള്‍ മാനേജ്മെന്‍റ് 10 ലക്ഷം കുടുംബത്തിന് കൈമാറിയിരുന്നു. ഇതിന് പുറമെ മിഥുന്റെ കുടുംബത്തിന് പൊതുവിദ്യാഭ്യാസ വകുപ്പ് സ്‌കൗട്ട്സ് ആന്റ് ഗെയിഡ്‌സ് മുഖാന്തിരം വീട് വെച്ച് നൽകുമെന്നും പ്രഖ്യാപിച്ചിരുന്നു.
0 Comments