കൊട്ടിയൂര്‍ ഉത്സവം; കര്‍ണാടക ഭക്തരുടെ കുത്തൊഴുക്ക് ;വൈശാഖോത്സവം നാളെ സമാപിക്കും

 

കൊട്ടിയൂര്‍: കൊട്ടിയൂര്‍ വൈശാഖോത്സവം നാളെ സമാപിക്കാനിരിക്കെ കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ക്ഷേത്ര ദര്‍ശനത്തിന് കര്‍ണാടക ഭക്തരുടെ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. പ്രമുഖ കന്നട നടന്‍ ദര്‍ശനടക്കമുള്ള സിനിമാ താരങ്ങളും, കര്‍ണാടക യൂ ട്യൂബര്‍മാരും, മാധ്യമങ്ങളും കൊട്ടിയൂര്‍ ദർശനത്തിന് എത്തിയ  റീല്‍സുകളും, വാര്‍ത്തകളും  സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചതോടെയാണ് ഉത്സവ നഗരിയിലേക്ക് കര്‍ണാടകക്കാരുടെ കുത്തൊഴുക്കുണ്ടായത്. നിലവില്‍ ഉത്സവ നഗരിയിലെ പാര്‍ക്കിംഗ് ഏര്യകളും, റോഡരികുകളുമെല്ലാം കര്‍ണാടക വാഹനങ്ങള്‍ കൊണ്ട് നിറയുകയാണ്. കൂടാതെ കാട്ടിക്കുളം, മാനന്തവാടി, തലപ്പുഴ ടൗണുകളെല്ലാം വാഹനത്തിരക്കേറി. ഗതാഗത കുരുക്കും, അപകടങ്ങളും കൂടുന്നുണ്ട്. വിശ്വാസികളേക്കാള്‍ ഏറെ വിനോദത്തിനായെത്തുന്നവരാല്‍ നിറയുകയാണ് കൊട്ടിയൂര്‍ പരിസരം. ഈ റൂട്ടിലെ ഹോട്ടല്‍, റിസോര്‍ട്ട്, ഹോം സ്‌റ്റേകളിലും   സന്ദര്‍ശക തിരക്കേറിയതായി പറയുന്നു.വരും വര്‍ഷങ്ങളില്‍ കര്‍ണാടക, തമിഴ്‌നാട്, ആന്ധ്ര സംസ്ഥാനങ്ങളിലെ ഭക്തരുടെ കുത്തൊഴുക്കുണ്ടാകുമെന്നാണ് ക്ഷേത്രവുമായി ബന്ധപ്പെട്ടവര്‍ കരുതുന്നത്.

വൈശാഖോത്സവം വെള്ളിയാഴ്ച തൃക്കലശാട്ടോടെ സമാപിക്കും. അത്തം ചതുശ്ശതം, വാളാട്ടം, കലശപൂജ, കുടിപതികളുടെ തേങ്ങയേറ് എന്നിവ ഇന്ന് നടക്കുന്ന പ്രധാന ചടങ്ങുകളാണ്. വൈശാഖോത്സവത്തിലെ ചതുശ്ശതങ്ങളില്‍ അവസാനത്തേതാണ് അത്തം നാളായ വ്യാഴാഴ്ച നിവേദിക്കുക. ദേവസ്വം വകയാണ് അത്തം നാളിലെ ചതുശ്ശതം അഥവാ വലിയ വട്ടളം പായസം.

ഉച്ചശീവേലിക്കുശേഷം ഏഴില്ലക്കാര്‍ ദേവതകളെയെല്ലാം തിരികെ ആവാഹിച്ച് വാളുകളില്‍ ലയിപ്പിക്കുന്ന വാളാട്ടം നടക്കും. ശേഷം കുടിപതി കള്‍ തേങ്ങയേറും നടത്തും. വ്യാഴാഴ്ച രാത്രി തുടങ്ങുന്ന കല ശപൂജകള്‍ പുലര്‍ച്ചെ വരെ നീളും.

Post a Comment

0 Comments