കുന്നംകുളം കസ്റ്റഡി മര്‍ദനം: 'ആ പൊലീസുകാർ കാക്കിയിട്ട് ഇനി വീടിന് പുറത്തിറങ്ങില്ല'; വി.ഡി സതീശൻ

 



തൃശൂർ: യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സുജിത്തിനെ മർദിച്ച പൊലീസുകാർക്കെതിരെ നടപടി ഇല്ലെങ്കിൽ കേരളം ഇതുവരെ കാണാത്ത സമരത്തിന് കോൺഗ്രസ് മുന്നിട്ടിറങ്ങുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. ആ പൊലീസുകാർ കാക്കിയിട്ട് ഇനി വീടിനു പുറത്തിറങ്ങില്ലെന്ന് വി.ഡി സതീശൻ പറഞ്ഞു.

സർക്കാർ പൊലീസിനെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു സുജിത്തിനെ കുന്നംകുളത്തെ വീട്ടിലെത്തി സന്ദർശിച്ചതിന് പിന്നാലെയായിരുന്നു പ്രതിപക്ഷനേതാവിന്റെ പ്രതികരണം.

ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചുവെന്ന് കഴിഞ്ഞ ദിവസം തൃശൂർ ഡിഐജി ഹരിശങ്കർ പറഞ്ഞിരുന്നു. എന്നാൽ എന്താണ് നടപടിയെന്ന് മാധ്യമപ്രവർത്തകർ ചോദിച്ചെങ്കിലും അത് പരിശോധിക്കണം എന്ന് പറഞ്ഞു അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നു. പൊലീസ് സ്റ്റേഷനിൽവെച്ച് നടന്ന അതിക്രൂരമായ മർദനത്തെ ലളിതവത്കരിക്കുന്ന റിപ്പോർട്ടാണ് ഡിഐജി ഡിജിപിക്ക് നൽകിയത്. കൈകൊണ്ട് ഇടിച്ചു എന്ന കുറ്റം മാത്രമേ ചെയ്തിട്ടുള്ളൂവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കുറ്റാരോപിതരെ സ്ഥലംമാറ്റിയെന്നും ഡിജിപിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നുണ്ട്. എന്നാൽ സമീപ സ്റ്റേഷനിലേക്കുള്ള സ്ഥലംമാറ്റം ശിക്ഷാനടപടിയായി കണക്കാക്കാനാവില്ലെന്ന വിമർശനമുണ്ട്.

കോടതി പ്രതിചേർത്ത സിപിഒ ശശിധരനെതിരെ പൊലീസ് അച്ചടക്ക നടപടി സ്വീകരിച്ചിട്ടുമില്ല. പ്രതിചേർത്തതിൽ മൂന്നുപേർക്കെതിരെ മാത്രമാണ് നടപടി സ്വീകരിച്ചത്. സുജിത്തിനെ മർദിക്കുന്ന ദൃശ്യങ്ങളിൽ ശശിധരൻ ഇല്ലെന്ന പേരിലാണ് അദ്ദേഹത്തെ ഒഴിവാക്കിയത്. എന്നാൽ ഈ വാദം തള്ളുന്നതാണ് പുറത്തുവന്ന ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ അന്വേഷണ റിപ്പോർട്ട്. സുജിത്തിനെ പോലീസ് സ്റ്റേഷനിൽ എത്തിക്കുമ്പോൾ ശശിധരൻ പുറത്തുനിന്ന് കയറിവരുന്നത് സിസിടിവി ദൃശ്യത്തിൽ വ്യക്തമെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ജിഡി ചാർജിൽ ഉണ്ടായിരുന്ന ശശിധരൻ പുറത്തുനിന്ന് വന്നതിനാൽ സുജിത്തിനെ ദേഹോപദ്രവം ഏൽപ്പിച്ചു എന്ന കാര്യം സംഭവിക്കാൻ സാധ്യതയുള്ളതാണെന്നാണ് അന്വേഷണ റിപ്പോർട്ടിലെ നിഗമനം. അന്വേഷണ റിപ്പോർട്ട് നിലനിൽക്കെയാണ് ശശിധരനെതിരായ നടപടി ഒഴിവാക്കിയത്.

യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ് സുജത്തിനെ അകാരണമായി പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. 2023 ഏപ്രിൽ അഞ്ചിനാണ് സുജിത്തിനെ പൊലീസ് മർദിച്ചത്. എസ്‌ഐ നുഹ്മാൻ, സിപിഒമാരായ ശശീന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവരയാരിന്നു സുജിത്തിനെ മർദിച്ചത്.

Post a Comment

0 Comments