തിരുവനന്തപുരം: ദാദാസാഹെബ് ഫാൽകെ പുരസ്കാരം നേടിയ മോഹൻലാലിനെ ആദരിച്ച് സംസ്ഥാന സർക്കാർ. മോഹൻലാലിനെ പോലെ മലയാളിയെ ഇത്രത്തോളം സ്വാധീനിച്ച മറ്റൊരു നടൻ ഇല്ലെന്നും അദ്ദേഹം നേടിയ പുരസ്കാരം മലയാള സിനിമയുടെ സുവർണ നേട്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇവിടെ ജനിച്ചതുകൊണ്ട് മാത്രം ഓസ്കർ കിട്ടാതെ പോയ നടനാണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിലെ മഹാപ്രതിഭകൾക്കൊപ്പം അമൂല്യമായ സിംഹാസനം കരസ്ഥമാക്കിയ ഇതിഹാസ താരമാണ് അദ്ദേഹമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടിയിൽ മോഹൻലാലിനെ പൊന്നാട അണിയിച്ച മുഖ്യമന്ത്രി സർക്കാരിന്റെ മെമന്റോയും കൈമാറി.
ഇന്ത്യയിലെ ഏറ്റവും വലിയ പുരസ്കാരം ലഭിക്കുന്ന രണ്ടാമത്തെ മലയാളിയാണ് ലാൽ. മോഹൻലാലിനുള്ള അംഗീകാരം മലയാള സിനിമയ്ക്ക് കൂടിയുള്ള അംഗീകാരമാണ്. അരനൂറ്റാണ്ട് കാലമായി മലയാളികളിൽ ആലേഖനം ചെയ്യപ്പെട്ട കഥാപാത്രങ്ങളാണ് അദ്ദേഹത്തിന്റേത്. മലയാളികളുടെ അപരവ്യക്തിത്വമാണ് മോഹൻലാൽ. അഭിമാനത്തോടെയല്ലാതെ മോഹൻലാലിനെ കാണാനാവില്ല. മോഹൻലാലിനെ പുതു തലമുറ മാതൃകയാക്കണം. വീട്ടിലെ ഒരാളായാണ് അദ്ദേഹത്തെ മലയാളികൾ കാണുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
മോഹൻലാലിന്റെ സിനിമകളെക്കുറിച്ചും മുഖ്യമന്ത്രി പരാമർശിച്ചു. 48 വർഷത്തിനിടെ 360ൽപ്പരം സിനിമകളിൽ അദ്ദേഹം വേഷമിട്ടു. ഒരു വർഷം 34 സിനിമകൾ ചെയ്ത ചരിത്രമുണ്ട് മോഹൻലാലിന്. ഇന്നത്തെ യുവനടന്മാർക്ക് പോലും മൂന്നോ നാലോ സിനിമകൾ മാത്രം. അയൽപ്പക്കത്തെ പയ്യൻ എന്ന പ്രതിച്ഛായ സ്വന്തമാക്കിയ താരമാണ് അദ്ദേഹം. ലാലിന്റെ അർപ്പണ ബോധം പുതുതലമുറ മാതൃകയാക്കണം. ദക്ഷിണേന്ത്യയിലെ ഏറ്റവും വിപണി മൂല്യമുള്ള നടനായി അദ്ദേഹം മാറി. ഒരേ സമയം നല്ല നടനും ജനകീയനും ആവുകയെന്നത് ചെറിയ കാര്യമല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മന്ത്രിമാരായ സജി ചെറിയാൻ, കെ.എൻ ബാലഗോപാൽ, വി. ശിവൻകുട്ടി, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ തുടങ്ങിയവരും വേദിയിലുണ്ട്.
0 Comments