പെൻഷൻ വിതരണം വ്യാഴാഴ്ച മുതൽ

 

സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്കുള്ള രണ്ടുമാസത്തെ പെന്‍ഷന്‍ വ്യാഴാഴ്ച മുതല്‍ വിതരണം ചെയ്യും. 3600 രൂപയാണ് ഇത്തവണ ഒരാളുടെ കൈകളിലെത്തുക. 

നേരത്തെയുണ്ടായിരുന്ന കുടിശ്ശികയുടെ അവസാന ഗഡുവായ 1600 രൂപയും നവംബറിലെ 2000 രൂപയുമാണ് വിതരണം ചെയ്യുക. ഇതോടെ പെന്‍ഷന്‍ കുടിശ്ശിക പൂര്‍ണമായും തീര്‍ത്തു. ഇതിനായി 1864 കോടി രൂപ ഒക്ടോബര്‍ 31ന് ധനവകുപ്പ് അനുവദിച്ചിരുന്നു. 63,77,935 പേരാണ് ഇതിന്റെ ഗുണഭോക്താക്കള്‍. കഴിഞ്ഞ മാര്‍ച്ച്‌ മുതല്‍ അതത് മാസം പെന്‍ഷന്‍ വിതരണം ചെയ്യുന്നുണ്ട്.

ഒരുമാസത്തെ ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ നേരത്തെ 900 കോടിയോളം രൂപയാണ് വേണ്ടിയിരുന്നത്. മാസം 400 രൂപകൂടി വര്‍ധിച്ചതിനാല്‍ 1050 കോടി രൂപ വേണം. ഗുണഭോക്താക്കളില്‍ പകുതിയോളം പേര്‍ക്ക് ബാങ്ക് അക്കൗണ്ട് വഴിയും ബാക്കിയുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലും പെന്‍ഷന്‍ എത്തും. ഒൻപതര  വര്‍ഷത്തെ എല്‍ഡിഎഫ് ഭരണത്തില്‍ 80, 671 കോടി രൂപയാണ് സര്‍ക്കാര്‍ പെന്‍ഷനുവേണ്ടി അനുവദിച്ചത്.


Post a Comment

0 Comments