പാലത്തായി: ക്രൂരപീഡനത്തിൽ ബിജെപി നേതാവിന് ജീവപര്യന്തം

 

തലശേരി: കണ്ണൂർ പാലത്തായിയിൽ നാലാംക്ലാസ്‌ വിദ്യാർഥിനിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിൽ ബിജെപി നേതാവായ അധ്യാപകൻ കെ പത്മരാജന് ജീവപര്യന്തം. തലശേരി പോക്‌സോ പ്രത്യേക കോടതി ജഡ്‌ജി എം ടി ജലജറാണിയാണ് ശിക്ഷ വിധിച്ചത്. ​കേസിൽ പത്മരാജൻ കുറ്റക്കാരനാണെെന്ന് കോടതി കണ്ടെത്തിയിരുന്നു. ശിശുദിനത്തിലാണ്‌ പെൺകുട്ടിക്ക്‌ നീതി ഉറപ്പുവരുത്തിയ വിധിയെത്തിയത്. തൃപ്രങ്ങോട്ടൂരിലെ ബിജെപിയുടെ പഞ്ചായത്ത്‌ പ്രസിഡന്റായിരുന്നു പത്മരാജൻ.

അധ്യാപകൻ ശുചിമുറിയിൽ കൊണ്ടുപോയി പത്തുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ്‌ കേസ്‌. 2020 ജനുവരി, ഫെബ്രുവരി മാസങ്ങളിലായി മൂന്നുതവണ കുട്ടിയെ പീഡിപ്പിച്ചു. കുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ പാനൂർ പൊലീസ്‌ 2020 മാർച്ച്‌ 17നാണ്‌ കേസെടുത്തത്‌. പൊയിലൂർ വിളക്കോട്ടൂരിലെ ഒളിയിടത്തിൽനിന്ന്‌ ഏപ്രിൽ 15ന്‌ പ്രതിയെ അറസ്റ്റുചെയ്‌തു.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376 എ, ബി, 376 (2)(എഫ്‌), 354 ബി, പോക്‌സോ നിയമത്തിലെ 5 (എഫ്‌, എൽ, എം) വകുപ്പുകൾ പ്രകാരമുള്ള കുറ്റമാണ്‌ തെളിഞ്ഞത്‌. ബലാത്സംഗം, 12 വയസ്സിനുതാഴെയുള്ള കുട്ടിയെ ഒന്നിലേറെത്തവണ വിദ്യാഭ്യാസ സ്ഥാപനത്തിൽ പീഡിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ തെളിഞ്ഞു.

പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയതിന് പിന്നാലെ തലശേരി സബ്‌ ജയിലിലേക്ക്‌ മാറ്റി. പെൺകുട്ടിയും അമ്മയും അമ്മാവനും ആക്‌ഷൻ കമ്മിറ്റി ഭാരവാഹികളും വിധി കേൾക്കാനെത്തിയിരുന്നു. സ്‌പെഷൽ പ്രോസിക്യൂട്ടർ പി എം ഭാസുരി ഹാജരായി.

ബിജെപി നേതാവിന്റെ നിഷ്‌ഠുര കൃത്യത്തെ രാഷ്‌ട്രീയവിവാദമാക്കി മാറ്റാനാണ്‌ യുഡിഎഫും എസ്‌ഡിപിഐയും ഒരുവിഭാഗം മാധ്യമങ്ങളും ശ്രമിച്ചത്‌. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചുമാണ്‌ ആദ്യഘട്ടത്തിൽ കേസ്‌ അന്വേഷിച്ചത്‌. തുടർന്ന്‌ കോസ്റ്റൽ എഡിജിപി ഇ ജെ ജയരാജൻ, ഡിവൈഎസ്‌പി ടി കെ രത്‌നകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ്‌ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്‌.

Post a Comment

0 Comments