പിണറായി വിജയനെതിരായ കൊലവിളി ഞെട്ടലോടെയാണ് കാണുന്നതെന്ന് മന്ത്രി വി.ശിവൻകുട്ടി

 



തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ കൊലവിളി ഞെട്ടലോടെയാണ് കാണുന്നതെന്ന് മന്ത്രി വി.ശിവൻകുട്ടി. അഭിഭാഷക എന്ന് സ്വയം അവകാശപ്പെടുന്ന ഒരാളാണ് നിയമത്തെ കാറ്റിൽപ്പറത്തി ഇത്തരമൊരു ഹീനമായ പ്രവൃത്തി ചെയ്തിരിക്കുന്നത്. ഈ വ്യക്തി ട്വന്റി 20യുടെ കടുത്ത പ്രചാരകയാണെന്നും, മറ്റ് ജില്ലകളിൽ പോലും അവർക്കുവേണ്ടി യോഗങ്ങൾ സംഘടിപ്പിക്കുന്നുണ്ടെന്നും മാധ്യമങ്ങളിലൂടെ അറിയാൻ കഴിഞ്ഞുവെന്നും ശിവൻകുട്ടി ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

കേരളത്തിന്റെ ബഹുമാന്യനായ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനെതിരെ കൊലവിളി നടത്തിയ ടീന ജോസ് എന്ന വ്യക്തിയുടെ ഫേസ്ബുക്ക് കമന്റ് ഞെട്ടലോടെയാണ് കാണുന്നത്. ഒരു ജനാധിപത്യ സമൂഹത്തിൽ,പൗരന്റെ ജീവന് ഭീഷണി ഉയർത്തുന്ന, പ്രത്യേകിച്ച് സംസ്ഥാനത്തിന്റെ ഭരണത്തലവനെതിരെ നടത്തുന്ന ഈ പ്രസ്താവന, ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയുന്ന ഒന്നല്ല.

പരാമർശങ്ങൾ ഏതൊരു സംസ്‌കാരമുള്ള സമൂഹത്തിനും അപമാനമാണ്. ഇത് കേവലം ഒരാളുടെ വ്യക്തിപരമായ അഭിപ്രായപ്രകടനമല്ല, മറിച്ച് രാജ്യത്തെ നിയമവ്യവസ്ഥയോടും ജനാധിപത്യ മൂല്യങ്ങളോടുമുള്ള വ്യക്തമായ വെല്ലുവിളിയാണ്.

അക്രമത്തെയും കൊലപാതകത്തെയും പ്രോത്സാഹിപ്പിക്കുന്ന ഇത്തരം പ്രസ്താവനകൾ യുവതലമുറയ്ക്ക് നൽകുന്ന സന്ദേശം എന്താണ്? ഇത്തരക്കാർക്ക് നമ്മുടെ പൊതുസമൂഹത്തിൽ ഒരു സ്ഥാനവുമില്ല.

അഭിഭാഷക എന്ന് സ്വയം അവകാശപ്പെടുന്ന ഒരാളാണ് നിയമത്തെ കാറ്റിൽപ്പറത്തി ഇത്തരമൊരു ഹീനമായ പ്രവൃത്തി ചെയ്തിരിക്കുന്നത്. ഈ വ്യക്തി ട്വന്റി 20യുടെ കടുത്ത പ്രചാരകയാണെന്നും, മറ്റ് ജില്ലകളിൽ പോലും അവർക്കുവേണ്ടി യോഗങ്ങൾ സംഘടിപ്പിക്കുന്നുണ്ടെന്നും മാധ്യമങ്ങളിലൂടെ അറിയാൻ കഴിഞ്ഞു.

ട്വന്റി 20 ഈ വിഷയത്തിൽ അവരുടെ നിലപാട് അടിയന്തരമായി വ്യക്തമാക്കണം. കൊലവിളി നടത്തുന്ന ഒരു വ്യക്തിക്ക്, ഒരു സംഘടനയുടെ പ്രചാരകയായി തുടരാൻ എങ്ങനെ സാധിക്കുന്നു?

Post a Comment

0 Comments