പതിനാറാമത് അന്താരാഷ്ട്ര നാടകോത്സവത്തിന് ജനുവരി 25 ന് തൃശ്ശൂരില്‍ തുടക്കമാകും

 



കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന പതിനാറാമത് അന്താരാഷ്ട്ര നാടകോത്സവം (ഇറ്റ്‌ഫോക്) ജനുവരി 25 ന് തൃശ്ശൂരില്‍ ആരംഭിക്കും. അന്തര്‍ദേശീയ, ദേശീയതലത്തില്‍ നിന്നും ഒൻപത് വീതം നാടകങ്ങളും മലയാളത്തില്‍ നിന്നും അഞ്ച് നാടകങ്ങളും അടക്കം ആകെ 23 നാടകങ്ങളാണ് ഇറ്റ്‌ഫോക്കില്‍ എത്തുന്നത്. ജനുവരി 25 മുതല്‍ ഫെബ്രുവരി ഒന്നുവരെ നടക്കുന്ന നാടകോത്സവത്തില്‍ ആകെ 46 അവതരണങ്ങള്‍ ഉണ്ടാകും. 'ഈ നിശബ്ദതയിലെ ശബ്‌ദങ്ങൾ' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് ഈ വര്‍ഷത്തെ ഇറ്റ്‌ഫോക് രൂപകല്പന ചെയ്തിരിക്കുന്നത്. അര്‍ജെന്റീന, ബ്രസീല്‍, അര്‍മേനിയ, പാലസ്തീന്‍, സ്ലോവാക്കിയ, സ്‌പെയിന്‍, ജപ്പാന്‍, ഡെന്‍മാര്‍ക്ക് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള നാടകങ്ങളാണ് അന്തര്‍ദേശീയതലത്തില്‍ നിന്നും നാടകോത്സവത്തിലേക്ക് എത്തുന്നത്. കൂടാതെ പൂനൈ, മുംബൈ, ചെന്നൈ, ആസാം, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള നാടകങ്ങളും കേരളത്തില്‍ നിന്നുള്ള നാടകങ്ങളും ഇറ്റ്‌ഫോക്കില്‍ അരങ്ങേറും.

ജനുവരി 25 വൈകീട്ട് അഞ്ചിന് അക്കാദമി അങ്കണത്തില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും.വിഖ്യാത ഡോക്യൂമെന്ററി സംവിധായകന്‍ ആനന്ദ് പട്‌വര്‍ദ്ധന്‍ മുഖ്യാതിഥിയായി പങ്കെടുക്കും.ഗുജറാത്തി സിനിമാസംവിധായകനും നാടകകൃത്തും നടനുമായ ദക്ഷിണ്‍ ബജ്‌രംഗ് ഛാര ചടങ്ങില്‍ വിശിഷ്ടാതിഥിയായിരിക്കും.റവന്യ വകുപ്പ് മന്ത്രി കെ.രാജന്‍, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍.ബിന്ദു,തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ.നിജി ജസ്റ്റിന്‍, പി ബാലചന്ദ്രന്‍ എം.എല്‍.എ, സാംസ്‌കാരിക വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.രാജന്‍ എന്‍. ഖൊബ്രഗഡെ എന്നിവരും പരിപാടിയില്‍ പങ്കെടുക്കും .ഫെസ്റ്റിവല്‍ ബുക്ക്, ബാഗ്, ടീഷര്‍ട്ട്, ഫെസ്റ്റിവല്‍ ബുള്ളറ്റിന്‍ എന്നിവയുടെ പ്രകാശനവും ഉദ്ഘാടന ചടങ്ങില്‍ നടക്കും.

എട്ട് ദിനം, ഏഴ് വേദികള്‍


     കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന പതിനാറാമത് അന്താരാഷ്ട്ര നാടകോത്സവം ഏഴ് വേദികളിലായിട്ടാണ് സംഘടിപ്പിക്കുന്നത്.കെ.ടി മുഹമ്മദ് തിയേറ്റര്‍, ആക്ടര്‍ മുരളി തിയേറ്റര്‍, ബ്ലാക്ക് ബോക്‌സ് തിയേറ്റര്‍, സ്‌കൂള്‍ ഓഫ് ഡ്രാമ, ഫാവോസ്( രാമനിലയം ക്യാമ്പസ്സ്), അക്കാദമി അങ്കണം, മുരളി തിയേറ്റര്‍ ബാക്ക് യാര്‍ഡ് എന്നിവയാണ് വേദികള്‍. ഇതില്‍ കെ.ടി മുഹമ്മദ് തിയേറ്റര്‍, ആക്ടര്‍ മുരളി തിയേറ്റര്‍, ബ്ലാക്ക് ബോക്‌സ് തിയേറ്റര്‍, സ്‌കൂള്‍ ഓഫ് ഡ്രാമ, ഫാവോസ് എന്നിവിടങ്ങളില്‍ നാടകങ്ങളും അക്കാദമി അങ്കണത്തില്‍ ഉദ്ഘാടന, സമാപന പരിപാടികളും സാംസ്‌കാരിക പരിപാടികളും നടക്കും. മുരളി തിയേറ്റര്‍ ബാക്ക് യാര്‍ഡില്‍ ആണ് സെമിനാര്‍, ചര്‍ച്ച, സംവാദം എന്നിവ നടക്കുക. സിനിമകളുടെ പ്രദര്‍ശനവും ഫാവോസില്‍ ആണ് നടക്കുക.

അന്തര്‍ദേശീയ വിഭാഗത്തില്‍ - ഹാംലറ്റ് ടോയ്‌ലറ്റ് (കൈമാകു പെനന്റ് റേസ് തിയേറ്റര്‍ കമ്പനി, ജപ്പാന്‍), വൗ (ഡെബ്രിസ് തിയേറ്റര്‍ കമ്പനി, സ്ലോവാക്കിയ), ഡംബിളിങ് (ഹാമസ്‌ഗെയിന്‍ സ്റ്റേറ്റ് തിയേറ്റര്‍, അര്‍മേനിയ), ദി ലാസ്റ്റ് പ്ലെ ഇന്‍ ഗാസ (ഇന്റിപെഡന്റ്, പലസ്തീന്‍), ഫ്രാങ്കസ്റ്റീന്‍ പ്രോജക്ട് (ലൂസിയാനോ മന്‍സൗര്‍ കമ്പനി, അര്‍ജന്റീന), എ സ്‌ക്രീം ഇന്‍ ദി ഡാര്‍ക് ( കോപ്പന്‍ഹിയ നോവ ഡേ തിയേറ്റര്‍ , ബ്രസീല്‍), ലൂസിയ ജോയ്‌സ്- എ സ്‌മോള്‍ ഡ്രാമ ഇന്‍ മോഷന്‍ (കാര്‍ലിക് ഡാന്‍സ തിയേറ്റര്‍, സ്‌പെയിന്‍) ഓറഞ്ചസ് ആന്റ് സ്റ്റോണ്‍സ് (അസ്തര്‍ തിയേറ്റര്‍, പലസ്തീന്‍), റോമിയോ ആന്റ് ജൂലിയറ്റ് (അസ്റ്റോറിയസ് ഹാസ് തിയേറ്റര്‍, ഡെന്മാര്‍ക്).

ദേശീയവിഭാഗത്തില്‍ -

മാല്‍പ്രാക്ടിസ് ആന്റ് ദി ഷോ (നാടക് ഘര്‍, പൂന), ദി ഫാര്‍ പോസ്റ്റ് (ദുര്‍ സെ ബ്രദേഴ്‌സ്, മുംബൈ), അണ്ടര്‍ ദി മാംഗോസ്റ്റിയന്‍ ട്രീ (പെര്‍ച്ഛ്, ചെന്നൈ), കുലംഗ ബര്‍ഹി (മേജങ്കരി മേഘ്മൊല്ലര്‍, ആസാം), ദി നെതര്‍ (ആസക്ത കലാമഞ്ച, പൂന), സംതിങ്ങ് ലൈക് ട്രൂത്ത് (സോഷ്യല്‍ മഞ്ച് ആന്റ് പീസ് പ്രോജക്ട്സ്, പൂന), മെസോക് (ജ്യോതി ദോഗ്ര, മുംബൈ), അഗര്‍ബത്തി (സമാഗം രംഗ് മണ്ഡല്‍, മധ്യപ്രദേശ്)

കേരളത്തില്‍നിന്ന് -

കൂഹൂ, ആന്‍ ആന്തോളജി ഓണ്‍ ട്രയിന്‍ (ലിറ്റില്‍ എര്‍ത്ത് സ്‌കൂള്‍ ഓഫ് തിയേറ്റര്‍, പാലക്കാട്), ബൈ ബൈ ബൈപാസ് (കളിമുറ്റം, എറണാകുളം), നന്മയില്‍ ജോണ്‍ ക്വിക്സോട്ട് (അത്‌ലറ്റ് കായിക നാടകവേദി, പാലക്കാട്), മാടന്‍ മോക്ഷം (മരുതം തിയേറ്റര്‍ ഗ്രൂപ്പ്, ആലപ്പുഴ), സ്‌ക്രീമര്‍ (സ്‌കെയില്‍ മീഡിയ, പത്തനംതിട്ട).

ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് ജനുവരി അഞ്ചിന് ആരംഭിക്കും


 ഇറ്റ്‌ഫോക്കിലെ നാടകങ്ങള്‍ കാണാനുള്ള ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങ് ജനുവരി അഞ്ചിന് ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കും.https://theatrefestivalkerala.com എന്ന വെബ്‌സൈറ്റ് വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്. 90 രൂപയാണ് ടിക്കറ്റ് വില. ഒരാള്‍ക്ക് ഒരു നാടകത്തിന്റെ രണ്ട് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.മെബൈല്‍ നമ്പര്‍ നല്കി ലോഗിന്‍ ചെയ്ത് ഇഷ്ടമുള്ള നാടകങ്ങള്‍ തിരഞ്ഞെടുത്ത് ഓണ്‍ലൈനായി പണം അടച്ച് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കും.പണം അടച്ചുകഴിഞ്ഞാല്‍ ടിക്കറ്റ് വാട്‌സ്ആപ്പ്, മെയില്‍ വഴി ലഭിക്കും.വെബ്‌സൈറ്റിലെ തിരക്ക് കാരണം പണം ഡെബിറ്റായിട്ടും ടിക്കറ്റ് കണ്‍ഫേം ആകാതെ വന്നാല്‍,ആ തുക നിശ്ചിത ദിവസത്തിനുള്ളില്‍ ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.നിശ്ചിത ശതമാനം ടിക്കറ്റുകളാണ് ഓണ്‍ലൈന്‍ ആയി ബുക്ക് ചെയ്യാന്‍ സാധിക്കുക.ഓണ്‍ലൈന്‍ ടിക്കറ്റ് എടുത്തവര്‍ക്ക് ടിക്കറ്റിന്റെ ക്യൂ.ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് നാടകം കാണാന്‍ പ്രവേശിക്കാം

ഓഫ്‌ലൈനായും ടിക്കറ്റ് എടുക്കാം

 ഇറ്റ്‌ഫോക്കിലെ നാടകങ്ങള്‍ കാണുന്നതിന് ടിക്കറ്റുകള്‍ ഓഫ്‌ലൈനായും എടുക്കാം. അതത് ദിവസത്തെ നാടകത്തിന്റെ ടിക്കറ്റ് അക്കാദമി അങ്കണത്തില്‍ സജ്ജമാക്കുന്ന കൗണ്ടറില്‍ നിന്നും അതത് ദിവസം രാവിലെ ഒന്‍പതിനും നാടകം ആരംഭിക്കുന്നതിന് ഒരുമണിക്കൂര്‍ മുന്‍പും ലഭിക്കും.നിശ്ചിത ശതമാനം ടിക്കറ്റുകളാണ് ഓഫ്‌ലൈനായി വില്പന നടത്തുക.

 കലാപരിപാടികള്‍;സംവാദം,ചര്‍ച്ച : പ്രവേശനം സൗജന്യം

 ഇറ്റ്‌ഫോക്കിന്റെ ഉദ്ഘാടന,സമാപന പരിപാടികള്‍,കലാപരിപാടികള്‍,സംവാദം,ചര്‍ച്ച,സിനിമപ്രദര്‍ശനം എന്നിവ സൗജന്യമായി കാണാവുന്നതാണ്.നാടകങ്ങള്‍ കാണുന്നതിന് മാത്രമേ ടിക്കറ്റ് എടുക്കേണ്ടതുള്ളു.

 ഡോ.അഭിലാഷ് പിള്ള ഫെസ്റ്റിവല്‍ ഡയരക്ടര്‍

    പതിനാറാമത് അന്താരാഷ്ട്ര നാടകോത്സവത്തിന്റെ ഫെസ്റ്റിവല്‍ ഡയരക്ടര്‍ വിഖ്യാത നാടക സംവിധായകന്‍ ഡോ.അഭിലാഷ് പിള്ളയാണ്.ശ്രീലങ്കന്‍ നാടക സംവിധായിക റുവാന്തി ഡി ചിക്കേറ, നാടകസംവിധായിക അനാമിക ഹസ്‌കര്‍,സംവിധായകനും നടനുമായ ഡോ.ശ്രീജിത്ത് രമണന്‍, നാടക സംവിധായകന്‍ ജ്യോതിഷ് എം.ജി എന്നിവരാണ് ഫെസ്റ്റിവല്‍ ക്യൂറേറ്റര്‍മാര്‍. ജലീല്‍ ടി.കുന്നത്ത് ആണ് ഫെസ്റ്റിവല്‍ കോര്‍ഡിനേറ്റര്‍.

Post a Comment

0 Comments