ഡിവൈഎസ്പിക്ക് നഷ്ടമായത് 25 ലക്ഷം രൂപ; ഇറിഡിയം ഇടപാടിന്റെ പേരിൽ നടന്നത് വന്‍ തട്ടിപ്പ്




 കൊച്ചി: ഇറിഡിയം ഇടപാടിന്റെ പേരിൽ എറണാകുളം ജില്ലയിൽ ബിയോൺഡ് ചാരിറ്റബിൾ ട്രസ്റ്റ് 190ലധികം പേരെയാണ് കബളിപ്പിച്ചത്. 20 ലക്ഷം മുതൽ ഒരു കോടി വരെയാണ് പലർക്കും നഷ്ടമായത്. 23 ലക്ഷം രൂപ നഷ്ടപ്പെട്ട എറണാകുളം സ്വദേശിയുടെ പരാതിയിൽ കൊച്ചി സിറ്റി പൊലീസ് കേസെടുത്തു.ബിയോൺഡ് ചാരിറ്റബിൾ ട്രസ്റ്റിനെതിരെ മൂന്ന് പരാതികളാണ് ഇതുവരെ സംസ്ഥാനത്ത് ലഭിച്ചത്.

പണം നിക്ഷേപിച്ചാല്‍ പത്തിരിട്ടിയോ നൂറ് ഇരട്ടിയോ ആയി തിരിച്ചുതരാമെന്നാണ് നിക്ഷേപകരെ വിശ്വസിപ്പിച്ചിരുന്നു. ചാരിറ്റബിൾ ട്രസ്റ്റില്‍ അംഗങ്ങളാക്കിയാണ് തട്ടിപ്പ് നടത്തിയത്. പരാതി നൽകാൻ ആരും തയാറാകാത്തത് അന്വേഷണത്തിന് തടസമാണെന്നും പൊലീസ് പറയുന്നു. ഡിവൈഎസ്പി അടക്കമുള്ളവരും പണം നഷ്ടമായവരിൽപ്പെടും. 25 ലക്ഷം രൂപയാണ് ഡിവൈഎസ്പിക്ക് നഷ്ടമായത്.വനിതാ എസ്ഐയുടെ ഭര്‍ത്താവും തട്ടിപ്പിന് ഇരയായിട്ടുണ്ട്. പണം ലഭിക്കും തിരികെ ലഭിക്കുമെന്നാണ് എസ്ഐ വിളിച്ചപ്പോള്‍ കിട്ടിയ മറുപടി. പരാതിയുമായി മുന്നോട്ട് പോയാല്‍ പണം തിരികെ കിട്ടില്ലെന്നും തട്ടിപ്പുകാര്‍ പറയുന്നു.

തമിഴ്നാട് കേന്ദ്രീകരിച്ച് നടക്കുന്ന തട്ടിപ്പിന്‍റെ ഇടനിലക്കാരായി കേരളത്തിലും നിരവധി പേര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. ആലപ്പുഴ,കോട്ടയം,എറണാകുളം ജില്ലയില്‍ തട്ടിപ്പിന് നേതൃത്വം നല്‍കിയത് സജി ഔസേപ്പ് എന്നയാളാണ്. ആലപ്പുഴയിലും കോട്ടയത്തുമായി 250 പേര്‍ക്ക് പണം നഷ്ടമായിട്ടുണ്ട്. എന്നാല്‍ നാണക്കേട് ഭയന്ന് പലരും പരാതി നല്‍കാന്‍ തയ്യാറാകാത്തത് അന്വേഷണത്തെ വഴിമുട്ടിക്കുകയാണെന്നും പൊലീസ് പറയുന്നു.

Post a Comment

0 Comments