ശബരിമല സ്വര്‍ണക്കൊള്ള;എസ്‌ഐടി അന്വേഷണത്തില്‍ സംശയം’; കെ മുരളീധരന്‍




പത്തനംതിട്ട :എസ്‌ഐടി അന്വേഷണത്തില്‍ സംശയമുണ്ടെന്നും എല്ലാം തന്ത്രിയുടെ തലയില്‍ കെട്ടിവയ്ക്കാനാണ് എസ്‌ഐടിയുടെയുടെ ശ്രമമെന്നും കെ മുരളീധരന്‍. ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം വേണമെന്നും കെ മുരളീധരന്‍ ആവശ്യപ്പെട്ടു. 

എസ്‌ഐടിയെ കുറിച്ച് വ്യക്തമായ സംശയമുണ്ട്. ഇന്നലെ വരെ ഞങ്ങള്‍ എസ്‌ഐടിയെ കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല. പക്ഷേ, ഉണ്ണികൃഷ്ണന്‍ പോറ്റിക്ക്, ജയിലില്‍ കിടക്കുന്നവര്‍ക്ക് ജാമ്യം കിട്ടാന്‍ വേണ്ടിയുള്ള ശ്രമം. എസ്‌ഐടിയുടെ മേലെ സര്‍ക്കാര്‍ സംവിധാനം സമ്മര്‍ദം ചെലുത്തുന്നുവെന്ന സംശയമുണ്ട്. അത് കടകംപള്ളിയെ ഉള്‍പ്പടെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണോ എന്ന് സംശയമുണ്ട്. അതുകൊണ്ടുതന്നെ എല്ലാം തന്ത്രി, തന്ത്രിയെന്തോ ഒരു കൊലപാതകം ചെയ്ത വ്യക്തിയാണ് എന്ന് വരുത്തിത്തീര്‍ത്ത് ഇപ്പോഴത്തെ മന്ത്രിയേയും മുന്‍ മന്ത്രിമാരേയും രക്ഷിക്കാന്‍ നടത്തുന്ന ശ്രമങ്ങളെ ഞങ്ങള്‍ തുറന്ന് എതിര്‍ക്കുക തന്നെ ചെയ്യും – അദ്ദേഹം പറഞ്ഞു.

ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തന്ത്രി തെറ്റുകാരനല്ല എന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ എല്ലാം തന്ത്രിയുടെ തലയില്‍ കെട്ടിവയ്ക്കാനാണ് ശ്രമം. ഹൈക്കോടതിയെ അറിയിച്ചാണ് വാജി വാഹന കൈമാറ്റം നടന്നത് – അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശബരിമലയിലെ സ്വര്‍ണക്കൊള്ള വിഷയത്തില്‍ മനപ്പൂര്‍വം ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമങ്ങളുണ്ടോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം കിട്ടാനുള്ള സാധ്യത വര്‍ധിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഇതുവരെയായിട്ട് കുറ്റപത്രം സമര്‍പ്പിക്കാനോ ശക്തമായ നിലപാട് സ്വീകരിക്കാനോ എസ്‌ഐടിക്ക് കഴിഞ്ഞിട്ടില്ല. പകരം ശ്രദ്ധ തിരിക്കാനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. 2017ല്‍ കൊടിമരത്തിലെ കുതിരയുടെ രൂപം മാറ്റിയതിനെ കുറിച്ച് ഒരു വിവാദം വന്നു. അത് തന്ത്രിക്ക് കൈമാറിയതിനെ കുറിച്ചായിരുന്നു വിവാദം. വാജി വാഹനം തന്ത്രിയുടെ വീട്ടില്‍ തന്നെയുണ്ട്. അത് ആര്‍ക്കും വില്‍ക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്തിട്ടില്ല. എന്നാല്‍ സ്‌ട്രോങ്ങ് റൂമില്‍ വച്ച പല സാധനങ്ങളും അടിച്ചുമാറ്റപ്പെട്ടു. ദേവസ്വത്തിന്റെ സ്‌ട്രോങ്ങ് റൂമിപ്പോള്‍ ഒട്ടും സ്‌ട്രോങ്ങല്ലാത്ത മുറിയാണ്. 2012ലെ ഒരു ഓര്‍ഡറിന്റെ പേരിലാണ് ചിലരൊക്കെ തര്‍ക്കം ഉന്നയിച്ചിരിക്കുന്നത്. 2012ലെ സര്‍ക്കാര്‍ ഉത്തരവല്ല. ദേവസ്വം കമ്മീഷന്റെ ഉത്തരവാണ്. ഹൈക്കോടതി ഇത് അംഗീകരിച്ചതായി വാര്‍ത്ത വന്നിട്ടുണ്ട് – മുരളീധരന്‍ ചൂണ്ടിക്കാട്ടി.

സമുദായ സംഘടനകള്‍ തമ്മില്‍ ഐക്യമുണ്ടാകുന്നതില്‍ അശേഷം ഭയമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ പറഞ്ഞു. ഐക്യം രാഷ്ട്രീയമായ ദോഷം ഉണ്ടാക്കില്ലെന്നും കെ മുരളീധരന്‍ പ്രതികരിച്ചു. മറ്റ് സമുദായങ്ങളെ അധിക്ഷേപിക്കാന്‍ ഒരാള്‍ക്കും അവകാശമില്ല. അങ്ങനെ ചെയ്താല്‍ അവര്‍ വിമര്‍ശിക്കപ്പെടും. ബിനോയ് വിശ്വമാണ് ആദ്യം വെള്ളാപ്പള്ളിയെ വിമര്‍ശിച്ചത്. മലപ്പുറം പരാമര്‍ശം നടത്തിയതിലാണ് വെള്ളാപ്പള്ളിയെ ഞങ്ങള്‍ വിമര്‍ശിച്ചത്. സമുദായ സംഘടനകള്‍ തമ്മില്‍ ഐക്യം ഉണ്ടാകുന്നതിനോട് ഞങ്ങള്‍ യോജിക്കുന്നു – അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments