കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവർ റിമാൻഡിൽ. പതിനാല് ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. കോടതി റിമാൻഡ് ചെയ്തതിന് പിന്നാലെ തന്ത്രിയെ തിരുവനന്തപുരം സ്‌പെഷ്യൽ സബ്ജയിലിലേക്ക് കൊണ്ടുപോയി. തന്ത്രിയുടെ ജാമ്യാപേക്ഷ ജനുവരി 13ന് കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും.
പ്രമേഹം, കൊളസ്‌ട്രോൾ എന്നിവ ഉള്ളതായി തന്ത്രി കോടതിയിൽ പറഞ്ഞിരുന്നു. വൈദ്യസഹായം നൽകണമെന്ന ആവശ്യം കോടതി അനുവദിച്ചു. ജനുവരി 23വരെയാണ് റിമാൻഡ് കാലാവധി.
തന്ത്രിക്കെതിരെ അറസ്റ്റ് നോട്ടീസിൽ ഗുരുതര കണ്ടെത്തലുകളുണ്ടായിരുന്നു. തന്ത്രി ആചാര ലംഘനത്തിന് കൂട്ടുനിന്നെന്നും കട്ടിളപ്പാളി കൊണ്ടുപോകാൻ ഒത്താശ ചെയ്‌തെന്നും നോട്ടീസിൽ പറയുന്നു. അറസ്റ്റ് ചെയ്യാനുള്ള കാരണങ്ങൾ വിശദീകരിച്ചുള്ള നോട്ടീസിലാണ് കണ്ടെത്തലുകൾ.
ആചാര ലംഘനത്തിനെതിരെ യാതൊരു നടപടിയും സ്വീകരിച്ചില്ല. താന്ത്രിക വിധികൾ പാലിക്കാതെയാണ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് പാളികൾ കൈമാറിയത്. ദേവന്റെ അനുവാദം വാങ്ങിയില്ല. ദേവസ്വം ബോർഡ് പോറ്റിക്ക് പാളികൾ കൈമാറിയപ്പോൾ തന്ത്രി തടഞ്ഞില്ലെന്നും പാളികൾ കൊണ്ടുപോകുവാൻ കുറ്റകരമായ മൗനാനുവാദം നൽകിയെന്നും നോട്ടീസിൽ വിശദമാക്കുന്നു.

0 Comments