കുവൈത്ത്– കോഴിക്കോട് എയർഇന്ത്യ എക്സ്പ്രസ് സർവീസ് മാർച്ച് ഒന്നു മുതൽ; കണ്ണൂർ റൂട്ടിൽ ഇനിയും അനിശ്ചിതത്വം

 



കുവൈത്ത് സിറ്റി: കഴിഞ്ഞ ഒക്ടോബർ അവസാനം മുതൽ നിർത്തിവെച്ചിരുന്ന എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ കുവൈത്ത്–കോഴിക്കോട് നേരിട്ടുള്ള സർവീസ് മാർച്ച് ഒന്നു മുതൽ പുനരാരംഭിക്കുമെന്ന് അധികൃതർ ഔദ്യോഗികമായി അറിയിച്ചു. മാർച്ച് ഒന്ന് മുതൽ ഞായർ, ബുധൻ, വെള്ളി ദിവസങ്ങളിലായി ആഴ്ചയിൽ മൂന്ന് സർവീസുകളാണ് ക്രമീകരിച്ചിരിക്കുന്നത്.

അതേസമയം, കോഴിക്കോടിനൊപ്പം നിർത്തിവെച്ചിരുന്ന കണ്ണൂർ റൂട്ടിലെ സർവീസ് പുനരാരംഭിക്കുന്നതിനെക്കുറിച്ച് ഇതുവരെ വ്യക്തമായ അറിയിപ്പ് വന്നിട്ടില്ല. കഴിഞ്ഞ വർഷം ഒക്ടോബർ അവസാനം മുതൽ വിന്റർ ഷെഡ്യൂളിന്റെ ഭാഗമായാണ് കുവൈത്തിൽ നിന്ന് കോഴിക്കോട്, കണ്ണൂർ വിമാന സർവീസുകൾ എയർഇന്ത്യ എക്സ്പ്രസ് നിർത്തിവെച്ചതെന്ന് അധികൃതർ വിശദീകരിച്ചിരുന്നു.

ഈ തീരുമാനം മലബാർ മേഖലയിലേക്കുള്ള നൂറുകണക്കിന് യാത്രക്കാരെ കടുത്ത പ്രയാസത്തിലാക്കി. കുവൈത്തിൽ നിന്ന് കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്ക് നേരിട്ടുള്ള മറ്റ് വിമാന സർവീസുകൾ ഇല്ലാത്തതിനാൽ, ഇരട്ടിയിലധികം നിരക്ക് നൽകി കൂടുതൽ സമയം ചെലവഴിച്ചാണ് യാത്രക്കാർ നാട്ടിലേക്കും തിരിച്ചും യാത്ര ചെയ്തത്. ഇതിന്റെ പശ്ചാത്തലത്തിൽ എയർഇന്ത്യ എക്സ്പ്രസിന്റെ നടപടിക്കെതിരെ പ്രവാസി സമൂഹത്തിൽ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്.

കണ്ണൂർ റൂട്ടിന്റെ കാര്യത്തിൽ അടിയന്തര തീരുമാനം ഉണ്ടാകണമെന്ന ആവശ്യവും പ്രവാസി സമൂഹത്തിൽ ശക്തമായി ഉയരുന്നുണ്ട്. കണ്ണൂർ വിമാനത്താവളം ആശ്രയിക്കുന്ന വടക്കൻ മലബാർ ജില്ലകളിലെ ആയിരക്കണക്കിന് യാത്രക്കാരുടെ ദുരിതം പരിഹരിക്കുന്നതിന് എയർഇന്ത്യ എക്സ്പ്രസും ബന്ധപ്പെട്ട അധികാരികളും ഉടൻ ഇടപെടണമെന്നതാണ് പൊതുവായ ആവശ്യം.

Post a Comment

0 Comments