മലപ്പുറത്തെ പതിനാലുകാരിയുടെ കൊലപാതകം; കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കുന്നതായി എസ്‍പി

 



മലപ്പുറം: മലപ്പുറം കരുവാരക്കുണ്ടിലെ പതിനാലുകാരിയുടെ കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കുന്നതായി മലപ്പുറം എസ്‍പി. കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും. അറസ്റ്റിലായ പതിനാറുകാരനെ കോഴിക്കോട് ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റി. സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും മലപ്പുറം എസ്‍പി ആർ. വിശ്വനാഥ് പറഞ്ഞു.

വ്യാഴാഴ്ച രാവിലെ രാവിലെ സ്കൂളിലേക്ക് പോയ പെൺകുട്ടി വൈകുന്നേരം തിരിച്ചെത്താതെ വന്നതോടെയാണ് കുടുംബം പൊലീസിൽ പരാതി നൽകുന്നത്. വൈകുന്നേരം ആറുമണിയോടെ ഒരു ഫോണിൽ നിന്ന് താൻ അല്പം വൈകുമെന്ന് പെൺകുട്ടി അമ്മയോട് വിളിച്ചു പറഞ്ഞിരുന്നു. ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് രാത്രി തന്നെ പൊലീസ് തൊടികപ്പുലം റെയിൽവേ സ്റ്റേഷനിലും പരിസരപ്രദേശങ്ങളിലും അന്വേഷണം നടത്തിയിരുന്നു. ആണ്‍ സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്.

വ്യാഴാഴ്ച കാണാതായ പെൺകുട്ടിയുടെ മൃതദേഹം വെള്ളിയാഴ്ച ഉച്ചയോടെയാണ് വാണിയമ്പലം തൊടികപുലം റെയിൽവേ സ്റ്റേഷന് സമീപത്തെ പുള്ളിപ്പാടം റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള കുറ്റിക്കാട്ടിൽ നിന്ന് കണ്ടെത്തിയത്. ലൈംഗികമായി ഉപദ്രവിച്ചതിനു ശേഷം കഴുത്തു ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് ആൺസുഹൃത്ത്‌ മൊഴി നൽകിയിട്ടുണ്ട്.

Post a Comment

0 Comments