വെനസ്വേലൻ പ്രസിഡന്റ് മദുറോയെ ബന്ദിയാക്കിയെന്ന് ട്രംപ്; സ്ഫോടനത്തിന് പിന്നിലും അമേരിക്ക




കാരക്കാസ്: വെനസ്വേലയുടെ വിവിധ ഭാഗങ്ങളിൽ നടന്ന സ്ഫോടനത്തിന് പിന്നാലെ പ്രസിഡന്റ് നിക്കോളാസ് മദുറോയെയും ഭാര്യയേയും ബന്ദിയാക്കിയെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കാരക്കാസിലടക്കം നടന്ന ആക്രമണത്തിന് പിന്നിൽ യുഎസ് സൈന്യമാണെന്ന് സ്ഥിരീകരിച്ചതിന് ശേഷമാണ് ട്രംപിന്റെ അവകാശവാദം.

കാരക്കാസടക്കം ഏഴിടങ്ങളിൽ നടന്ന സ്‌ഫോടനത്തിന് പിന്നിൽ അമേരിക്കയാണെന്ന് വെനസ്വേലൻ പ്രസിഡന്റ് മദുറോ ആരോപിച്ചിരുന്നു. ഇതാണ് യുഎസ് സ്ഥിരീകരിച്ചത്. തങ്ങൾ തന്നെയാണ് സ്‌ഫോടനം നടത്തിയതെന്ന് അമേരിക്ക വ്യക്തമാക്കി. ഇതിനു പിന്നാലയാണ് ട്രൂത്ത് സോഷ്യലിലടക്കം ട്രംപിന്റെ പ്രസ്താവന വരുന്നത്.

നിക്കോളാസ് മദുറോയെയും ഭാര്യയേയും ബന്ദിയാക്കി കടത്തിക്കൊണ്ടുപോയെന്നാണ് ശനിയാഴ്ച പുലർച്ചെ ട്രംപിന്റെ പ്രതികരണം. എന്നാൽ ട്രംപിന്റെ അവകാശവാദം വെനസ്വേലൻ സർക്കാർ സ്ഥിരീകരിച്ചിട്ടില്ല. അമേരിക്കൻ സമയം രാവിലെ 11ന് നടക്കുന്ന വാർത്താസമ്മേളനത്തിൽ ട്രംപ് കൂടുതൽ കാര്യങ്ങൾ പറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. വെനസ്വേലയിൽ ഭരണമാറ്റത്തിന് കരുക്കൾ നീക്കുകയാണ് ഡോണൾഡ് ട്രംപ് ഭരണകൂടം.

സ്ഫോടനത്തിന് പിന്നാലെ വെനസ്വേലയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മിറാൻഡ, അരഗ്വ, ലാ ഗ്വൈറ എന്നീ സംസ്ഥാനങ്ങളിലും ആക്രമണങ്ങൾ നടന്നതായി സർക്കാർ പ്രസ്താവനയിൽ അറിയിച്ചു. സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ പ്രകാരം പുലർച്ചെ രണ്ട് മുതൽ (0600 GMT) തലസ്ഥാനത്ത് സ്‌ഫോടനങ്ങളും വിമാനങ്ങളും കറുത്ത പുകയും കാണാമായിരുന്നു.

വെനസ്വേലയുടെ വ്യോമാതിർത്തി പൂർണമായും അടച്ചതായി ട്രംപ് നേരത്തെ അറിയിച്ചിരുന്നു. വെനസ്വേലയിലെ മയക്കുമരുന്ന് കടത്ത് തടയാനുള്ള ശ്രമങ്ങൾ അതിവേഗത്തിൽ ആരംഭിക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് നിർണായക നീക്കം.

കരീബിയൻ കടലിൽ വെനസ്വേലൻ ബോട്ടുകൾ അമേരിക്കൻ നാവികസേന അടുത്തിടെ ആക്രമിച്ചിരുന്നു. പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം യുദ്ധസമാനമായ അന്തരീക്ഷത്തിലേക്ക് നീങ്ങുകയാണ്. ഇതിനിടെയാണ് ട്രംപ് വ്യോമാതിർത്തി അടയ്ക്കുമെന്ന പ്രഖ്യാപനവുമായി രംഗത്ത് വരുന്നത്. വെനസ്വേലൻ സർക്കാരിനെതിരായ നീക്കത്തിന് സിഐഎയ്ക്ക് ട്രംപ് അനുമതി നൽകിയിട്ടുണ്ട്.

മയക്കുമരുന്ന് തടയാനെന്ന പേരിൽ മദുറോ സർക്കാരിനെ താഴെയിറക്കാനുള്ള നീക്കമാണ് ട്രംപ് നടത്തുന്നതെന്ന വിമർശനവും ഉയരുന്നുണ്ട്. മദുറോയെ പുറത്താക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി വെനസ്വേലയിൽ കരസേനാ ആക്രമണങ്ങൾ നടത്തുമെന്ന് ട്രംപ് ആവര്‍ത്തിച്ച് ഭീഷണിപ്പെടുത്തിയിട്ടുണ്ട്.

Post a Comment

0 Comments