രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കാൻ സ്പീക്കർക്ക് പരാതി നൽകി എംഎൽഎ ഡി.കെ മുരളി

 



രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കാൻ സ്പീക്കർക്ക് പരാതി. വാമനപുരം എം എൽ എ ,ഡി.കെ മുരളി യാണ് സ്പീക്കർക്ക് പരാതി നൽകിയത്. സ്പീക്കർ എ എൻ ഷംസീർ പരാതി പരിശോധിക്കാൻ ലെജിസ്ലെറ്റർ സെക്രട്ടറിയേറ്റിനും കൈ മാറി. നിരവധി സ്ത്രീ പീഡന കേസുള്ള പ്രതിയെ സഭയിൽ നിന്നും പുറത്താക്കണം എന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സ്വകാര്യ പരാതികൾ ലഭിച്ചിട്ടുണ്ടെങ്കിലും നിയമസഭാംഗത്വത്തിൽനിന്ന് അയോഗ്യനാക്കണമെങ്കിൽ ഒരു നിയമസഭാംഗമെങ്കിലും പരാതി നൽകേണ്ടതുണ്ടെന്ന് സ്പീക്കർ എഎൻ ഷംസീർ നേരത്തെ പറഞ്ഞിരുന്നു.

രാഹുലിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി സ്വകാര്യ വ്യക്തികളുടെ പരാതികൾ ലഭിച്ചിട്ടുണ്ടെങ്കിലും സമിതിക്ക് അതിൽ നടപടിയെടുക്കാൻ കഴിയില്ല. നിയമസഭയുടെ പ്രവർത്തനങ്ങളിൽ സ്വകാര്യ വ്യക്തികൾക്ക് പങ്കില്ലാത്തതിനാൽ ഒരു എംഎൽഎ നൽകുന്ന പരാതി മാത്രമേ സമിതിക്ക് കൈമാറാൻ കഴിയൂ. രാഹുൽ മാങ്കൂട്ടത്തിൽ പീഡനക്കേസിൽ അറസ്റ്റിലായത് സഭയുടെ അന്തസ്സിനെ ബാധിക്കില്ല. വ്യക്തികളല്ല സഭയുടെ അന്തസ്സ് തീരുമാനിക്കുന്നത്. ഒരു കൊട്ടയിലെ ഒരു മാങ്ങ കെട്ടാൽ എല്ലാം മോശമായി എന്ന് പറയാൻ കഴിയില്ലെന്നും സ്പീക്കർ പറഞ്ഞു.

സ്ത്രീകളെ ബഹുമാനിക്കാൻ പഠിക്കണം, അല്ലെങ്കിൽ പഠിപ്പിക്കണം. ചില സാമാജികരുടെ ഭാഗത്ത് തെറ്റുണ്ടായാൽ എല്ലാവരെയും മോശമാക്കരുതെന്നും ജനം നല്ല പെരുമാറ്റം പ്രതീക്ഷിക്കുന്നുണ്ടെന്നും എഎൻ ഷംസീർ പറഞ്ഞു. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എംഎൽഎയുടെ പരാതി എത്തിക്സ് കമ്മിറ്റി പരിശോധിച്ച ശേഷം അത് സഭയുടെ പരിഗണനയ്ക്ക് വരും. അതിനുശേഷമായിരിക്കും തുടർനടപടികൾ തീരുമാനിക്കുകയെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു

Post a Comment

0 Comments