തദ്ദേശ സ്ഥാപനങ്ങളിൽ സ്ഥിരം സമിതി തെരഞ്ഞെടുപ്പ് ഇന്ന് മുതൽ



തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വിവിധ സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് ഇന്ന് മുതല്‍ ബുധനാഴ്ച വരെ. അംഗങ്ങളുടെ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ എത്രയും പെട്ടെന്ന് ചെയര്‍മാന്‍മാരുടെ തെരഞ്ഞെടുപ്പ് അതത് വരണാധികാരികള്‍ നടത്തും.

ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളില്‍ ധനകാര്യം, വികസനകാര്യം, ക്ഷേമകാര്യം, ആരോഗ്യ വിദ്യാഭ്യാസകാര്യം എന്നിങ്ങനെ നാല് സ്റ്റാന്റിങ് കമ്മിറ്റികളും ജില്ല പഞ്ചായത്തില്‍ ധനകാര്യം, വികസനകാര്യം, പൊതുമരാമത്ത്, ആരോഗ്യ വിദ്യാഭ്യാസകാര്യം, ക്ഷേമകാര്യം എന്നിങ്ങനെ അഞ്ച് സ്റ്റാന്റിങ്ങ് കമിറ്റികളുമാണ് രൂപവത്കരിക്കേണ്ടത്.

മുനിസിപ്പാലിറ്റികളില്‍ ധനകാര്യം, വികസനകാര്യം, ക്ഷേമകാര്യം, ആരോഗ്യകാര്യം, മരാമത്ത് കാര്യം, വിദ്യാഭ്യാസ കലാകായികകാര്യം എന്നിങ്ങനെ ആറ് സ്റ്റാന്റിങ് കമ്മിറ്റികളും കോര്‍പ്പറേഷനുകളില്‍ ധനകാര്യം, വികസനകാര്യം, ക്ഷേമകാര്യം, ആരോഗ്യകാര്യം, മരാമത്ത്കാര്യം, നഗരാസൂത്രണകാര്യം, നികുതി അപ്പീല്‍കാര്യം, വിദ്യാഭ്യാസ കായികകാര്യം എന്നിങ്ങനെ എട്ട് സ്റ്റാന്റിങ് കമിറ്റികളുമാണുള്ളത്.

ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലെ സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളുടെയും സ്റ്റാന്‍ഡിങ്? കമ്മിറ്റി ചെയര്‍മാന്‍മാരുടെയും തെരഞ്ഞെടുപ്പ് നടത്തുന്നതിന് അതത് സ്ഥാപനത്തിലെ വരണാധികാരികളെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചുമതലപ്പെടുത്തിയിട്ടുള്ളത്. ജില്ല പഞ്ചായത്തുകളിലെയും കോര്‍പറേഷനുകളിലെയും സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളുടെയും സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരുടെയും തെരഞ്ഞെടുപ്പിനുള്ള വരണാധികാരിയുടെ ചുമതല എ.ഡി.എമ്മിനാണ്.

മുനിസിപ്പാലിറ്റികളിലെ തെരഞ്ഞെടുപ്പിനുള്ള വരണാധികാരികളെയും കമ്മീഷന്‍ നിശ്ചയിച്ചിട്ടുണ്ട്. സ്ത്രീ സംവരണ സ്ഥാനത്തേക്കാണ് ആദ്യം തെരഞ്ഞെടുപ്പ്. സ്ഥാനാര്‍ഥികളുടെ എണ്ണം ഒഴിവുള്ള സ്ഥാനങ്ങളുടെ എണ്ണത്തെക്കാള്‍ കൂടുതലാണെങ്കില്‍ യോഗത്തില്‍ ഹാജരായ അംഗങ്ങളില്‍ നിന്നും ആനുപാതിക പ്രാതിനിധ്യ സമ്പ്രദായമനുസരിച്ച് ഒറ്റക്കൈമാറ്റ വോട്ടുമൂലം വോട്ടെടുപ്പ് നടത്തിയാണ് അംഗങ്ങളെ തെരഞ്ഞെടുക്കുക.


Post a Comment

0 Comments