മലപ്പുറം: പിഎംഎ വൈ നഗരം ഭവന പദ്ധതി അവതാളത്തിൽ. കരാറിൽ സംസ്ഥാന സർക്കാർ ഒപ്പുവെക്കാത്തതിനെ തുടർന്ന് പദ്ധതിക്ക് ഇനി കേന്ദ്രഫണ്ട് ലഭിക്കില്ല. ഇതോടെ സംസ്ഥാനത്ത് പുതിയ വീടിനായി കാത്തിരിക്കുന്നവർക്ക് തിരിച്ചടിയാകും.
എല്ലാവർക്കും ഭവനം എന്ന ലക്ഷ്യത്തോടെ 2015 കേന്ദ്രസർക്കാർ മുന്നോട്ടുവച്ച പിഎംഎവൈ നഗരം ഭവന പദ്ധതി സംസ്ഥാന സർക്കാരുകളുടെയും നഗരസഭയുടെയും സഹകരണത്തോടെയാണ് നടപ്പാക്കുന്നത്. 20204ൽ സെപ്റ്റംബറിൽ ആണ് ഇതിന്റെ രണ്ടാംഘട്ടം 2.0 കേന്ദ്രം പ്രഖ്യാപിച്ചത്. പദ്ധതിക്കായി സംസ്ഥാനം ഡി പി ആർ തയ്യാറാക്കി കേന്ദ്രസർക്കാരിന് സമർപ്പിക്കേണ്ടതുണ്ട്. എന്നാൽ സംസ്ഥാന സർക്കാർ ഡിപിആർ തയ്യാറാക്കിയിട്ടില്ല . തദ്ദേശ വകുപ്പ് ഈ വിഷയം ചർച്ച ചെയ്തെങ്കിലും ഒപ്പുവച്ചില്ല.
വീടുകളിൽ പിഎംഎവൈ പദ്ധതിയുടെ ലോഗോ പതിക്കണമെന്ന നിർദേശവും സംസ്ഥാനത്തിന്‍റെ വിഹിതം വർധിപ്പിച്ചതുമാണ് ഒപ്പുവയ്ക്കാത്തതിന് കാരണമെന്നാണ് പി.ഉബൈദുള്ള എംഎൽഎയുടെ ചോദ്യത്തിന് സർക്കാർ നിയമസഭയിൽ നൽകിയ മറുപടി.
പദ്ധതി വഴിമുട്ടിയതോടെ നിരവധി പേരുടെ വീട് എന്ന സ്വപ്നമാണ് പാതിവഴിയിൽ അവസാനിക്കുന്നത്. പദ്ധതി മുന്നോട്ടു കൊണ്ടുപോകാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യം ശക്തമാവുകയാണ്.

0 Comments