തിരുവനന്തപുരം: ശ്രീകാര്യത്ത് പ്ലസ് ടു വിദ്യാർത്ഥിനിയെ വളർത്തു നായ്ക്കൾ ആക്രമിച്ചു. ഗുരുതരമായി കടിയേറ്റ പെൺകുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. അപകടകാരികളായ ബെൽജിയൻ ഷെപ്പേർഡ് നായ്ക്കളെ ഉടമ അലക്ഷ്യമായി അഴിച്ചുവിട്ടു എന്നാരോപിച്ച് പെൺകുട്ടിയുടെ പിതാവ് പൊലീസിൽ നൽകിയ പരാതിയിൽ കേസെടുത്തു.
സ്കൂൾ വിട്ട് മടങ്ങുമ്പോളായിരുന്നു പ്ലസ് ടു വിദ്യാർഥിനിക്ക് നേരെ വളർത്തുനായ്ക്കളുടെ ആക്രമണം. മൺവിള സ്വദേശി മനോജ്- ആശ ദമ്പതികളുടെ മകൾ അന്ന മരിയക്കാണ് ഗുരുതമായി കടിയേറ്റത്. കാലിൽ സാരമായി പരിക്കേറ്റ പെൺകുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
പോങ്ങുംമൂട് ബാപുജി നഗറിൽ കബീർ- നയന ദമ്പതികളുടെതാണ് ബെൽജിയൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട ബെൽജിയൻ മെലിനോയ്‌സ്. നായ്ക്കളെ ഉടമ അലക്ഷ്യമായി അഴിച്ചുവിട്ടു വെന്ന് ആരോപിച്ച് കുട്ടിയുടെ പിതാവ് ശ്രീകാര്യം പോലീസിൽ പരാതി നൽകിയിരുന്നു. പ്രൈമറി തലം മുതൽ കൊച്ചുകുട്ടികൾ കടന്നുപോകുന്ന വഴിയിൽ ഉണ്ടായ സംഭവത്തിൽ നാട്ടുകാരും രോഷത്തിലാണ്

0 Comments