ശബരിമല സ്വർണ്ണക്കൊള്ള: എസ്ഐടി അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും

 



കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളയിൽ എസ്ഐടി അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. ദേവസ്വം ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. എസ്പി ശശിധരൻ നേരിട്ട് ഹാജരായാണ് നാലാമത്തെ ഇടക്കാല റിപ്പോർട്ട് നൽകുക. ഡിസംബർ മൂന്നിന് കേസ് പരിഗണിച്ച കോടതി സിപിഎം നേതാവ് പത്മകുമാറിന്റെ അറസ്റ്റിനു ശേഷമുള്ള മെല്ലെ പോക്കിനെ വിമർശിച്ചിരുന്നു. വൻ തോക്കുകളിലേക്ക് അന്വേഷണം പോകാത്തത് എന്തുകൊണ്ടെന്ന ചോദ്യവും ഉയർത്തിയിരുന്നു. ഇക്കാര്യത്തിൽ അന്വേഷണസംഘം സ്വീകരിച്ച നടപടികൾ റിപ്പോർട്ടിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

ദേവസ്വം ബോർഡ് അംഗമായ വിജയകുമാർ, സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് പണ്ടാരി, ഗോവർദ്ധൻ എന്നിവരുടെ അറസ്റ്റ് സംബന്ധിച്ച വിവരങ്ങളും കോടതിക്ക് കൈമാറും. പ്രതിപക്ഷ നേതാവ് വി ഡി സതീശനും, രമേശ് ചെന്നിത്തലയും ഉന്നയിച്ച അന്തർസംസ്ഥാന പുരാവസ്തു കള്ളക്കടത്ത് സംഘത്തിന് ശബരിമല കേസുമായി ബന്ധമുണ്ടോ എന്ന പരിശോധനയും നടത്തിയിരുന്നു. ചെന്നൈ വ്യാപാരി ഡി മണിയെ ചോദ്യം ചെയ്ത്‌ ലഭിച്ച വിവരങ്ങളും കോടതിക്ക് കൈമാറും. മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ പ്രശാന്തിനെയും ചോദ്യം ചെയ്ത വിവരങ്ങളും കോടതി കൈമാറും. ജനുവരി 17 വരെയാണ് അന്വേഷണം പൂർത്തിയാക്കാൻ ഹൈക്കോടതി നിലവിൽ എസ്ഐടിക്ക് അനുവദിച്ച സമയം.

Post a Comment

0 Comments