സ്വർണക്കൊള്ളയിൽ തന്ത്രി കണ്ഠരര് രാജീവർക്ക് നേരിട്ട് പങ്കെന്ന് എസ്ഐടി




 പത്തനംതിട്ട: സ്വർണക്കൊള്ളയിൽ തന്ത്രി കണ്ഠരര് രാജീവർക്ക് നേരിട്ട് പങ്കെന്ന് എസ്ഐടി. രണ്ട് തവണ പാളികൾ കൊണ്ടുപോയതിലും തന്ത്രിക്ക് പങ്കുണ്ടെന്ന് പ്രത്യേക അന്വേഷണസംഘം വിജിലൻസ് കോടതിയിൽ റിപ്പോർട്ട് നൽകി. ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്ക് സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്നും കൂടുതൽ തെളിവുകൾ ശേഖരിക്കേണ്ടത് അനിവാര്യമാണെന്നും എസ്ഐടി റിപ്പോർട്ടിൽ പറയുന്നു.

അതേസമയം,കേസില്‍ കഴിഞ്ഞ ദിവസം തന്ത്രിയെ ഒരു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടിരുന്നു.ഈ മാസം 28നാണ് തന്ത്രിയുടെ ജാമ്യഹരജി പരിഗണിക്കുന്നത്.

ദ്വാരപാലക ശില്‍പം കൊണ്ടുപോയി അതില്‍ നിന്ന് സ്വര്‍ണം ഉരുക്കി കവര്‍ന്ന കേസിലും കട്ടിളപ്പാളികള്‍ കൊണ്ടുപോയ കേസിലുമാണ് തന്ത്രിയെ അറസ്റ്റ് ചെയ്തത്. ക്ഷേത്രത്തിലെ സ്വര്‍ണപ്പാളികള്‍ പുറത്തേക്ക് കൊണ്ടുപോകാന്‍ കണ്ഠരര് രാജീവരര് ഒത്താശ ചെയ്‌തെന്നാണ് ആദ്യകേസില്‍ പ്രത്യേക അന്വേഷണസംഘത്തിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. താന്ത്രിക വിധികള്‍ ലംഘിച്ചാണ് പോറ്റിക്ക് തന്ത്രി ഒത്താശ ചെയ്തതെന്നും എസ്‌ഐടി കണ്ടെത്തിയിരുന്നു. തന്ത്രിയും പോറ്റിയും തമ്മില്‍ 2007 മുതല്‍ ബന്ധമുണ്ട്.

ഇരുവരും തമ്മില്‍ നിരവധി തവണ സാമ്പത്തിക ഇടപാടുകള്‍ നടന്നതിന്റെയും തെളിവുകള്‍ എസ്‌ഐടി ശേഖരിച്ചിട്ടുണ്ട്. പത്മകുമാറിന്റെയും ഗോവര്‍ദ്ധനന്റെയും മൊഴികളാണ് രാജീവരരുടെ അറസ്റ്റിലേക്ക് നയിച്ചത്. മൊഴി സാധൂകരിക്കുന്ന തെളിവുകള്‍ എസ്‌ഐടി ശേഖരിക്കുകയും ചെയ്തിരുന്നു.

Post a Comment

0 Comments