കുടുംബശ്രീ സംസ്ഥാന മിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ കായികമേള ബഡ്സ് ഒളിമ്പ്യ 2.0 ജനുവരി 23, 24 തീയതികളില്‍ കണ്ണൂര്‍ പോലീസ് പരേഡ് ഗ്രൗണ്ടില്‍ നടക്കും. ജനുവരി 23 ന് ഉച്ചക്ക് 2.30ന് ഡോ. വി ശിവദാസന്‍ എം.പി കായികമേള ഉദ്ഘാടനം ചെയ്യും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ അധ്യക്ഷനാകും. ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ മുഖ്യാതിഥിയാകും. സിറ്റി പോലീസ് കമ്മീഷണര്‍ നിധിന്‍ രാജ് ദീപശിഖ ഏറ്റുവാങ്ങും.
ബഡ്‌സ് ഒളിമ്പ്യയിൽ 380 കായിക താരങ്ങള്‍ വ്യത്യസ്ത ഇനങ്ങളിലായി മത്സരിക്കും. പൂര്‍ണമായും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ച് സംഘടിപ്പിക്കുന്ന പരിപാടിയില്‍ മുഴുവന്‍ സമയ മെഡിക്കല്‍ സേവനവും ലഭ്യമാക്കും. ഒരുക്കങ്ങളുടെ ഭാഗമായി ജില്ലയിലെ മുഴുവന്‍ ബഡ്സ് സ്‌കൂളുകളിലും കുടുംബശ്രീയുടെ നേതൃത്വത്തില്‍ കായിക പരിശീലനം നല്‍കി വരുന്നു.
ജനുവരി 24 നു ഉച്ചയ്ക്ക് മൂന്ന് മണിക്ക് നടക്കുന്ന സമാപന സമ്മേളനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും. രജിസ്‌ട്രേഷന്‍ പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷനാകും. കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ. പി ഇന്ദിര, എം.പിമാരായ കെ സുധാകരന്‍, അഡ്വ. പി സന്തോഷ് കുമാര്‍, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച് ദിനേശന്‍ എന്നിവര്‍ മുഖ്യാതിഥികളാകും. ജില്ലയിലെ എംഎല്‍എമാര്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ എന്നിവര്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും.
.jpeg)
0 Comments