ബത്തേരി അസംപ്ഷൻ ഫെറോന ദേവാലയത്തിൽ തിരുനാളിന് കൊടിയേറി




ബത്തേരി: അസംപ്ഷൻ ഫൊറോന ദേവാലയത്തിൽ പരിശുദ്ധ മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് കൊടിയേറി. വികാരി ഫാ. തോമസ് മണക്കുന്നേൽ കൊടിയേറ്റി. 24, 25 തീയതികളാണ് പ്രധാന തിരുനാൾദിവസങ്ങളെന്ന് ഇടവക സംഘാടകർ പത്രസമ്മേളത്തിൽ പറഞ്ഞു. പ്രധാന തിരുനാൾദിനമായ 24-ന് വൈകീട്ട് നാലിന് മാനന്തവാടി രൂപത സഹായമെത്രാൻ മാർ അലക്സ് താരാമംഗലത്തിന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ തിരുനാൾ കുർബാന, വചനപ്രഘോഷണം എന്നിവയുണ്ടാകും. 6.30-ന് തിരുനാൾ പ്രദക്ഷിണം പട്ടണംചുറ്റി കോട്ടക്കുന്ന് മരിയൻ നഗറിലേക്ക് നടക്കും. തുടർന്ന് നേർച്ചഭക്ഷണവും ആകാശവിസ്മയവുമുണ്ടാകും. സമാപനദിനമായ 25-ന് രാവിലെ ഒൻപതിന് ഫാ. ജിന്റോ തെറ്റുപറമ്പിൽ, ഫാ. ജിമ്മി ഓലിക്കൽ, ഫാ. നിധിൻ ആലയ്ക്കത്തടത്തിൽ എന്നിവർ നയിക്കുന്ന ആഘോഷമായ തിരുനാൾ റാസാ കുർബാന നടക്കും.

തുടർന്ന് ഗ്രോട്ടോ ചുറ്റി പ്രദക്ഷിണം, പരിശുദ്ധകുർബാനയുടെ ആശീർവാദം എന്നിവയുണ്ടാകും. ഉച്ചയ്ക്ക് ഒന്നിന് സ്നേഹവിരുന്നും നടക്കും. തുടർന്ന് തിരുനാളിന് കൊടിയിറക്കും. രാത്രി ഏഴിന് തിരുവനന്തപുരം മലയാളനാടകവേദി അവതരിപ്പിക്കുന്ന സാമൂഹിക സംഗീതനാടകം ‘സ്വന്തം നാമധേയത്തിൽ’ അരങ്ങേറുമെന്നും സംഘാടകർ അറിയിച്ചു. അസി. വികാരി ഫാ. ജൂഡ് വട്ടക്കുന്നേൽ, ജനറൽ കൺവീനർ ടോംസ് ജോൺ നെടുങ്കല്ലേൽ, പബ്ലിസിറ്റി കൺവീനർ പ്രതീഷ് കൊച്ചുപുരയ്ക്കൽ, ട്രസ്റ്റിമാരായ ജോൺസൺ മെഴുകനാൽ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Post a Comment

0 Comments