'വിജയ്‍യുടെ ടിവികെയുമായി സഖ്യം വേണം'; ആവശ്യവുമായി കോൺഗ്രസ് എംപിമാർ

 



ന്യൂഡല്‍ഹി:നടൻ വിജയിയുടെ തമിഴക വെട്രി കഴകവുമായി സഖ്യം വേണമെന്ന ആവശ്യവുമായി കോൺഗ്രസ് എംപിമാർ.തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലാണ് സഖ്യ സാധ്യത തുറന്നിട്ടത്.എന്നാൽ ഈ ആവശ്യത്തോട് പുറം തിരിഞ്ഞു നിൽക്കുകയാണ് കോൺഗ്രസ് ഹൈക്കമാൻഡ്.

നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയ സാധ്യത ടിവികെക്കാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ സഖ്യത്തിനുള്ള താല്പര്യം ലോക്സഭാ അംഗങ്ങൾ അറിയിച്ചത് . കോൺഗ്രസ് അംഗങ്ങളായ ജ്യോതിമണി ,മാണിക്കം ടാഗോർ ,കാർത്തി ചിദംബരം എന്നിവരാണ് വിജയിയെ പിന്തുണക്കുന്നത് . എന്നാൽ ഡിഎംകെയെ പിണക്കിയുള്ള തീരുമാനം ആത്മഹത്യാപരമെന്നാണ് തമിഴ്നാട് പിസിസി അധ്യക്ഷൻ കെ .സെൽവ പെരുന്തഗൈയുടെ അഭിപ്രായം.

ചെറുപ്പക്കാർ ,സ്ത്രീകൾ ,ദലിതർ എന്നീ വിഭാഗങ്ങൾക്ക് വിജയിയോട് അനുഭാവമുണ്ടെന്നാണ് എംപിമാരുടെ വിലയിരുത്തൽ . ഡിഎംകെയും കോൺഗ്രസും ഒരേ മുന്നണിയിൽ ആണെങ്കിലും മന്ത്രിസ്ഥാനങ്ങൾ കോൺഗ്രസിന് നൽകിയിട്ടില്ല . മുന്നണി മര്യാദ പാലിച്ച് ക്യാബിനറ്റിൽ അംഗത്വം നൽകണമെന്നു നിരന്തരം അഭ്യര്‍ഥിച്ചിട്ടും അനുവദിക്കാനാവില്ല എന്ന നിലപാടാണ് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ മകൻ കൂടിയായ മന്ത്രി ഉദയ് നിധി സ്റ്റാലിൻ അറിയിച്ചത് . കഴിഞ്ഞ തവണ 25 സീറ്റിൽ മത്സരിച്ച കോൺഗ്രസ് 16 സീറ്റ് നേടിയിരുന്നു . ഇത്തവണ കൂടുതൽ സീറ്റ് ചോദിച്ചെങ്കിലും ഡിഎംകെ അംഗീകരിച്ചില്ല . ടിവികെയുമായി സഖ്യമായാൽ നൂറു സീറ്റിൽ മത്സരിക്കാമെന്ന കണക്കുകൂട്ടലിലാണ് എംപിമാർ.

ഇൻഡ്യ സഖ്യത്തിൽ കോൺഗ്രസിന് ഏറ്റവും വിശ്വസിക്കാവുന്ന ഘടക കക്ഷിയാണ് ഡിഎംകെ .ഈ ബന്ധം ഉലയ്ക്കേണ്ട എന്ന നിലപാടിലാണ് ഹൈക്കമാൻഡ് . കോൺഗ്രസിന്റെ അണികളെ പോലും ഡിഎംകെ റാഞ്ചിയെടുക്കുകയാണെന്ന പരാതിയും ദേശീയ നേതൃത്വത്തിന് മുന്നിൽ എംപിമാർ അവതരിപ്പിച്ചിട്ടുണ്ട്.

Post a Comment

0 Comments