ബംഗളൂരു: കേരളം പാസാക്കിയ മലയാള ഭാഷാ ബില്ലിനെതിരെ കര്‍ണാടക സര്‍ക്കാര്‍. സ്‌കൂളുകളില്‍ മലയാളം ഒന്നാം ഭാഷയായി നിര്‍ബന്ധിക്കുന്നത് കാസര്‍കോട് ജില്ലയില്‍ താമസിക്കുന്ന കന്നഡ മാതൃഭാഷയായവരെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് എതിര്‍പ്പ്. ഇത് ഭരണഘടനാ വിരുദ്ധമാണെന്നും കര്‍ണാടക സര്‍ക്കാര്‍ ആരോപണമുന്നയിച്ചു.
കന്നഡ മാതൃഭാഷയായുള്ള കേരളത്തിലെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ദരാമയ്യ കേരള മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടു. കേരളം പാസാക്കിയ മലയാള ഭാഷാ ബില്ലിന് അംഗീകാരം നല്‍കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് കര്‍ണാടക അതിര്‍ത്തി വികസന അതോറിറ്റി കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കറെ കണ്ടതിന് തൊട്ടുപിന്നാലെയാണ് സിദ്ദരാമയ്യയുടെ നീക്കം.
'ന്യൂനപക്ഷങ്ങളുടെ ഭാഷാപരമായ ഭരണഘടനാവകാശങ്ങള്‍ക്ക് നേരെയുള്ള ആക്രമണമാണിത്. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ നിഷേധിക്കുമെന്ന് ഞങ്ങള്‍ കരുതുന്നില്ല. ഭൂമിശാസ്ത്രപരമായി കാസര്‍കോട് കേരളത്തിലായിരിക്കാം. എന്നാല്‍, വൈകാരികമായി കര്‍ണാടകയുമായാണ് അത് അടുത്തുകിടക്കുന്നത്.' സിദ്ദരാമയ്യ വ്യക്തമാക്കി.
'മലയാള ഭാഷയുടെ ഉന്നമനത്തിനായുള്ള എല്ലാ നീക്കങ്ങള്‍ക്കും കേരള സര്‍ക്കാരിന് അവകാശമുണ്ട്. എന്നാല്‍, അതിന് മറ്റ് ഭാഷകള്‍ വിലയൊടുക്കുന്ന നിലയിലാവരുത്. കന്നട സംസാരിക്കുന്നവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് ഞങ്ങളുടെ സര്‍ക്കാരിന്റെ ചുമതലയാണ്. ബില്ലുമായി മുന്നോട്ടുപോകാനാണ് നീക്കമെങ്കില്‍ എതിര്‍ക്കാനാണ് ഞങ്ങളുടെ തീരുമാനം'. അദ്ദേഹം എക്‌സില്‍ കുറിച്ചു.
ബില്ല് പ്രാബല്യത്തില്‍ വരുന്നതോടെ കേരള-കര്‍ണാടക അതിര്‍ത്തികളില്‍ കന്നട സംസാരിക്കുന്ന വിദ്യാര്‍ഥികളെ സംബന്ധിച്ചിടത്തോളം പ്രയാസമാകുമെന്നതാണ് കര്‍ണാടകയുടെ പ്രതിഷേധത്തിന്റെ കാരണം.

0 Comments