ശബരിമല സ്വർണക്കൊള്ള: തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ



തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ. എസ്ഐടിയാണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്തെ എസ്ഐടി ഓഫീസിൽ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തന്ത്രിയെ പ്രത്യേക അന്വേഷണ സംഘം ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ചു.

കഴിഞ്ഞവർഷം ഒക്ടോബറിലും ഇദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. ദ്വാരപാലക ശിൽപത്തിലെ സ്വർണപ്പാളികൾ മാറ്റിയതുമായി ബന്ധപ്പെട്ടായിരുന്നു അന്ന് മൊഴി രേഖപ്പെടുത്തിയത്. തന്റെ അനുമതിയില്ലാതെയാണ് വിഗ്രങ്ങൾ സ്വർണം പൂശാൻ ചെന്നൈയിലേക്ക് കൊണ്ടുപോയതെന്നും സന്നിധാനത്ത് വച്ച് നവീകരിക്കാനാണ് താൻ അനുമതി നൽകിയതെന്നുമായിരുന്നു തന്ത്രി അന്ന് അന്വേഷണ സംഘത്തോട് പറഞ്ഞത്.

പിന്നീട്, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന പത്മകുമാറിനെ അറസ്റ്റ് ചെയ്തു. ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിലെത്തിച്ചത് കണ്ഠരര് രാജീവര് ആണെന്ന മൊഴിയാണ് പത്മകുമാർ നൽകിയത്. ഈ മൊഴിയിൽ ഇപ്പോഴും പത്മകുമാർ ഉറച്ചുനിൽക്കുകയാണ്. ഈ സാഹചര്യത്തിൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാകാനാണ് തന്ത്രിയെ ചോദ്യം ചെയ്തത്. എന്നാൽ താനല്ല പോറ്റിയെ ശബരിമലയിൽ എത്തിച്ചത് എന്നായിരുന്നു തന്ത്രിയുടെ വാദം.

അതേസമയം, ശബരിമല സ്വർണക്കൊള്ളയിൽ ഇഡി കേസ് എടുത്തു. പിഎംഎൽഎ നിയമപ്രകാരം ഇസിഐആ‍ർ രജിസ്റ്റർ ചെയ്തു. എഫ്ഐആർ, അനുബന്ധ രേഖകൾ, സാക്ഷി മൊഴികൾ എന്നിവ നേരത്തെ തന്നെ ഇഡിക്ക് കൈമാറിയിരുന്നു. കൊല്ലം വിജിലൻസ് കോടതിയാണ് ഇഡിക്ക് രേഖകൾ കൈമാറാൻ ഉത്തരവിട്ടിരുന്നത്.

എട്ടാം തിയതിയാണ് കേസ് എടുക്കാൻ ഡയറക്ടറേറ്റിൽ നിന്നും അനുമതി ലഭിച്ചത്. നിലവിൽ എസ്ഐടി കേസിൽ പ്രതികൾ ആയവരെ എല്ലാം ഇഡി പ്രതികളാക്കും. സ്വത്ത് മരവിപ്പിക്കുന്നത് അടക്കമുള്ള നടപടികൾ ആദ്യം തന്നെ പൂർത്തിയാക്കാനാണ് നീക്കം. കൊല്ലം കോടതിയിൽ കസ്റ്റഡി അപേക്ഷ നാളെ തന്നെ നൽകാനാണ് നീക്കം.

Post a Comment

0 Comments