ശബരിമല സ്വർണമോഷണക്കേസ്; വിഎസ്‌എസ്‌സി റിപ്പോർട്ട് വിജിലൻസ് കോടതിയിൽ സമർപ്പിച്ചു



കൊല്ലം: ശബരിമല സ്വര്ണമോഷണക്കേസിൽ വിക്രം സാരാഭായ് സ്പേസ് സെൻ്റർ നടത്തിയ ശാസ്ത്രീയ പരിശോധനയുടെ റിപ്പോർട്ട് കൊല്ലം വിജിലൻസ് കോടതിയിൽ സമർപ്പിച്ചു.

ഏറെ വിവാദമായ കേസിൽ നിർണ്ണായകമായ കണ്ടെത്തലുകൾ റിപ്പോർട്ടിലുണ്ടെന്നാണ് സൂചന. ശബരിമലയിലെ ശ്രീകോവിലിലെ സ്വർണത്തിന് പകരം മറ്റ് ലോഹങ്ങൾ കലർത്തിയതായും ആക്ഷേപം ഉയർന്നതിനെത്തുടർന്നാണ് ശാസ്ത്രീയ പരിശോധനയ്ക്ക് കോടതി ഉത്തരവിട്ടത്.

സ്വർണത്തിൻ്റെ പരിശുദ്ധി അളക്കുന്നതിനായി അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് വിഎസ്എസ്സിയിലെ വിദഗ്ധർ പരിശോധന പൂർത്തിയാക്കിയത്. സ്വർണത്തിൻ്റെ അളവിലും ഗുണമേന്മയിലും മാറ്റം വന്നിട്ടുണ്ടോ എന്ന് കണ്ടെത്താൻ എക്സ്-റേ ഫ്ലൂറസെൻസ് ഉൾപ്പെടെയുള്ള പരിശോധനകളാണ് നടത്തിയത്.

മുദ്രവെച്ച കവറിലാണ് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്. റിപ്പോർട്ടിലെ വിവരങ്ങൾ വരും ദിവസങ്ങളിൽ കോടതി പരിശോധിക്കും. ശ്രീകോവിലിലെ സ്വർണം മറ്റു ലോഹങ്ങളുമായി കലർത്തിയിട്ടുണ്ടോ അതോ സ്വർണപ്പാളികൾ അതുപോലെ തന്നെ അടർത്തിമാറ്റിയോ എന്ന വിവരം ലഭിക്കാനാണ് പരിശോധന നടത്തിയത്.

റിപ്പോർട്ട് കോടതി ഔദ്യോഗികമായി സ്വീകരിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കും. സ്വർണ്ണപ്പാളികൾ ഇളക്കിമാറ്റാതെ തന്നെ അവയുടെ ഘടനയും ഭാരവും പരിശോധിക്കാവുന്ന സാങ്കേതിക വിദ്യയാണ് വി.എസ്.എസ്.സിയിൽ ഉപയോഗിച്ചത്.

Post a Comment

0 Comments