രാഹുലിനെതിരെ അയോഗ്യതാ നടപടിക്ക് നിയമോപദേശം തേടുമെന്ന് സ്പീക്കർ; നിയമം നിയമത്തിൻ്റെ വഴിക്ക് പോകുമെന്ന് മന്ത്രി

 



തിരുവനന്തപുരം: മൂന്നാം ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ അയോഗ്യനാക്കാനുള്ള നടപടിക്ക് നിയമോപദേശം തേടുമെന്ന് നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ. വിഷയം എത്തിക്സ് ആൻഡ് പ്രിവിലേജസ് കമ്മിറ്റി പരിശോധിക്കും. പരാതി സംബന്ധിച്ച് എംഎൽഎമാർ ചോദിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.

നിയമത്തിന് മുന്നിൽ എംഎൽഎയെന്നോ സാധാരണക്കാരനെന്നോ ഇല്ല. എല്ലാവരും തുല്യരാണ്. എംഎൽഎയായ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തിരിക്കുന്നു. ജയിലിലടയ്ക്കപ്പെട്ട വിവരം ബന്ധപ്പെട്ട പ്രിസ്‌ക്രൈബ്ഡ് ഫോർമാറ്റിൽ നിയമസഭയെ അറിയിച്ചാൽ മതി.

ആദ്യമായാണ് ഒരു എംഎൽഎയ്‌ക്കെതിരെ ഇങ്ങനൊരു ആരോപണം തുടർച്ചയായി വരുന്നത്. അയോഗ്യത സംബന്ധിച്ച കാര്യങ്ങൾ നിയമവിദഗ്ധരുമായി സംസാരിച്ച ശേഷം തീരുമാനിക്കും. നിയമപരമായേ നീങ്ങാനാവൂ. കോൺഗ്രസ് പുറത്താക്കിയതിൽ സ്പീക്കർക്ക് റോൾ ഇല്ല. രാഹുൽ എംഎൽഎ സ്ഥാനത്ത് തുടരുന്നത് മോശം സന്ദേശം നൽകുമെന്നും അദ്ദേഹം വിശദമാക്കി.

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിൽ പൊലീസ് അന്വേഷണം അതിൻ്റെ വഴിക്ക് നടക്കുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. രാഹുൽ വിഷയത്തിൽ കോൺഗ്രസിന് രണ്ട് നിലപാടാണ്. കോൺഗ്രസ് രാഹുലിന് പരോക്ഷമായി പിന്തുണ നൽകുന്നു. ഇതെല്ലാം പൊതുജനം ഗൗരവമായി കാണുന്നുണ്ട്. രാഹുലിൻ്റെ വിഷയം ലോകത്ത് തന്നെ അപൂർവമായ കാര്യമാണെന്നും അയോഗ്യത സംബന്ധിച്ച കാര്യങ്ങൾ നിയമം നിയമത്തിൻ്റെ വഴിക്ക് പോകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Post a Comment

0 Comments