പാലക്കാട്: ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയതിന് പിന്നാലെ ഒമ്പത് വയസ്സുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവത്തിൽ ചികിത്സാ പിഴവ് സമ്മതിച്ച് ആശുപത്രി അധികൃതർ. കേസ് അന്വേഷണത്തിനായി ഹാജരാകാൻ കുട്ടിയുടെ കുടുംബത്തിന് നൽകിയ ഔദ്യോഗിക നോട്ടീസിലാണ് ആശുപത്രി അധികൃതർ തങ്ങളുടെ ഭാഗത്തുണ്ടായ വീഴ്ച സമ്മതിച്ചിരിക്കുന്നത്. സംഭവത്തിൽ സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി ഇന്ന് കുട്ടിയുടെ കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തും. അന്വേഷണം മന്ദഗതിയിലാണെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയതിന് പിന്നാലെയാണ് സമിതിയുടെ ഇടപെടൽ. പാലക്കാട് പല്ലശ്ശന സ്വദേശിനിയായ ഒമ്പത് വയസ്സുകാരിയുടെ വലതുകൈയാണ് അശ്രദ്ധമായ ചികിത്സയെത്തുടർന്ന് നഷ്ടമായത്.
കഴിഞ്ഞ സെപ്റ്റംബർ 24-നാണ് കളിക്കുന്നതിനിടെ വീണ് കുട്ടിക്ക് പരിക്കേറ്റത്. ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അവിടെ വെച്ച് കൈക്ക് പ്ലാസ്റ്ററിട്ട് വിട്ടെങ്കിലും പിന്നീട് കുട്ടിയുടെ കൈയുടെ നിറം മാറുകയും അസഹനീയമായ വേദന അനുഭവപ്പെടുകയും ചെയ്തു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോഴാണ് അണുബാധ രൂക്ഷമായെന്നും, കൈ മുറിച്ചുമാറ്റണമെന്നും ഡോക്ടർമാർ നിർദ്ദേശിച്ചത്. ജില്ലാ ആശുപത്രിയിൽ വെച്ച് മതിയായ പരിശോധനകളോ ചികിത്സയോ നൽകാത്തതാണ് ഈ അവസ്ഥയ്ക്ക് കാരണമായതെന്ന് കുടുംബം പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

0 Comments