വർക്ക് നിയർ ഹോം വിപ്ലവം കേരളത്തിലും; പൈലറ്റ് കേന്ദ്രം ഇന്ന് ഉദ്ഘാടനം ചെയ്യും


കൊല്ലം : ഐടി, വിജ്ഞാനാധിഷ്ഠിത മേഖലകളിൽ ജോലിചെയ്യുന്നവർക്ക് വീടിനടുത്ത് തൊഴിലിടങ്ങൾ ഒരുക്കുന്ന സർക്കാരിന്റെ വർക്ക് നിയർ ഹോം പദ്ധതിക്ക് ഇന്ന് സംസ്ഥാനത്ത് തുടക്കം. ആദ്യ പൈലറ്റ് കേന്ദ്രമായ കമ്യൂൺ തിങ്കൾ പകൽ നാലിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിക്കും.

ബിഎസ്എൻഎൽ കെട്ടിടത്തിൽ സജ്ജീകരിച്ച വർക്ക് നിയർ ഹോം കേന്ദ്രത്തിൽ 141 പ്രൊഫഷണലുകൾക്ക്‌ ജോലിചെയ്യാം. ചെറുകിട നഗരങ്ങളിൽ പ്ലഗ് ആൻഡ്‌ പ്ലേ മാതൃകയിലാണ് സജ്ജീകരിക്കുന്നത്. അതിവേഗ ഇന്റർനെറ്റ്, എയർകണ്ടീഷൻ കാബിൻ, മീറ്റിങ്‌ റൂമുകൾ, കോൺഫറൻസ് ഹാൾ, കഫറ്റീരിയ തുടങ്ങിയവ പാർക്കിലുണ്ട്‌. റിമോട്ട് ജീവനക്കാർ, ഫ്രീലാൻസർമാർ, സ്റ്റാർട്ടപ്പുകൾ, പഠനത്തോടൊപ്പം ജോലി ആഗ്രഹിക്കുന്ന വിദ്യാർഥികൾ, എന്നിവർക്കും പ്രത്യേകിച്ച് കുടുംബ ഉത്തരവാദിത്വങ്ങൾ കാരണം ജോലി ഉപേക്ഷിക്കേണ്ടി വന്ന വനിതാ പ്രൊഫഷണലുകൾക്കും സുരക്ഷിത തൊഴിലിടങ്ങൾ മുതൽക്കൂട്ടാകും. ആദ്യഘട്ടത്തിൽ 10 കേന്ദ്രമാണ് സംസ്ഥാനത്താകെ തുടങ്ങുന്നത്. പ്രാദേശിക തൊഴിലവസരങ്ങൾ വർധിപ്പിക്കുക, പ്രൊഫഷണലുകളെ തിരികെ എത്തിക്കുക, കേരളത്തെ ഒരു ആഗോള സ്കിൽ ഡെവലപ്മെന്റ് ഹബ്ബാക്കി ഉയർത്തുക എന്നിവയാണ് പ്രധാന ലക്ഷ്യം.

കേരളത്തിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലേക്കും ഈ ശൃംഖല വ്യാപിപ്പിക്കും. ഇതുവഴി അഞ്ചുലക്ഷം പേർക്ക് തൊഴിൽ സാഹചര്യവും 50, 000 പുതിയ തൊഴിലവസരങ്ങളും ഉണ്ടാകും. സംസ്ഥാനത്തിന് പുറത്തേക്കുപോകുന്ന 5000 കോടി രൂപയോളം കേരളത്തിൽ നിലനിർത്താൻ കഴിയും. കേരളത്തെ ഒരു ആഗോള സ്‌കിൽ ഹബ്ബായി ഹോം പദ്ധതി കൂടുതൽ സ്ഥലങ്ങളിലേക്ക് പരിവർത്തിപ്പിക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള നിർണായക ചുവടുവയ്‌പ്പായിരിക്കും പദ്ധതി.

Post a Comment

0 Comments