ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം ബോര്‍ഡ് അംഗം കെ.പി ശങ്കരദാസ് റിമാന്‍ഡില്‍




 തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് അംഗം കെ.പി ശങ്കരദാസ് റിമാന്‍ഡില്‍. 14 ദിവസത്തേക്കാണ് റിമാന്‍ഡ്. തിരുവനന്തപുരത്ത് ചികിത്സയില്‍ കഴിയുന്ന ശങ്കരദാസിനെ ആശുപത്രിയിലെത്തിയാണ് റിമാന്‍ഡ് ചെയ്തത്. സ്വകാര്യ ആശുപത്രിയില്‍ നിന്ന് മാറ്റുമോയെന്ന് ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം തീരുമാനിക്കും.

സ്വര്‍ണപ്പാളി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം കൊടുത്തുവിട്ടത് ശങ്കരദാസിന്റെ അറിവോടെയാണെന്നാണ് എസ്ഐടി കണ്ടെത്തല്‍. ബന്ധപ്പെട്ട രേഖകളിലെല്ലാം ശങ്കരദാസ് ഒപ്പിട്ടു. സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡിന് കൂട്ടുത്തരവാദിത്തമെന്നും എസ്ഐടി ചൂണ്ടിക്കാട്ടി.

നേരത്തെ അറസ്റ്റിലായ തിരുവിതാംകൂര്‍ മുന്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ പത്മകുമാറിന്റെ മൊഴിയാണ് ശങ്കരദാസിന് കുരുക്കായത്. കേസില്‍ ശങ്കരദാസിന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രത്യേക അന്വേഷണസംഘത്തെ കോടതി വിമര്‍ശിച്ചിരുന്നു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വകാര്യ ആശുപത്രിയിലെ ഐസിയുവില്‍ കഴിയുകയായിരുന്നു ശങ്കരദാസ്. ഇയാളെ അറസ്റ്റ് ചെയ്യുന്നതില്‍ വൈകുന്നതിനെതിരെ ഹൈക്കോടതി വിമര്‍ശനമുന്നയിച്ചിരുന്നു. മുറിയിലേക്ക് മാറ്റിയതിന് പിന്നാലെയാണ് ശങ്കരദാസിനെ അറസ്റ്റ് ചെയ്തത്.

Post a Comment

0 Comments