ശ്രീനഗര്‍: കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഹരിയാന സ്വദേശിയായ നേവി ഉദ്യോഗസ്ഥനും നവവധുവും മധുവിധുവിന് കശ്മീരിലെത്തിയത് ആകസ്മികമായി. യൂറോപ്പിലേക്ക് പോകാനായി തയ്യാറെടുത്തിരുന്ന നേവല്‍ ഓഫീസര്‍ വിനയ് നര്‍വാളും നവവധു ഹിമാന്‍ഷിയും വിസ ശരിയാകാതെ വന്നതോടെയാണ് മധുവിധു കശ്മീരിലേക്ക് മാറ്റിയത്.
ഇക്കഴിഞ്ഞ ഏപ്രിൽ 16 നായിരുന്നു വിനയ് നർവാളിന്റെയും ഹിമാൻഷിയുടേയും വിവാഹം. സ്വിറ്റ്സർലൻഡിലോ മറ്റേതെങ്കിലും യൂറോപ്യൻ രാജ്യത്തോ മധുവിധു ആഘോഷിക്കണമെന്നായിരുന്നു ഇരുവരുടെയും ആഗ്രഹം. എന്നാൽ അവസാനം എത്തിച്ചേർന്നത് മിനി സ്വിറ്റ്സർലൻഡായ പഹൽഗാമിലാണ്. കശ്മീരിൻ്റെ വശ്യ ഭംഗി ആസ്വദിച്ച് ബൈസരന്‍ താഴ്വരയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഇരുവർക്കും നേരെ ഭീകരർ ചാടി വീഴുകയായിരുന്നു. ഒരു നിമിഷം തൻ്റെ ചുറ്റും എന്താണ് നടക്കുന്നതെന്ന് മനസ്സിലാകാതെ നിന്ന ഹിമാൻഷിയുടെ മുൻപിൽ വിനയ് വെടിയേറ്റ് വീഴുകയായിരുന്നു. ചേതനയറ്റ വിനയ്‌യുടെ ശരീരത്തിന് മുന്നിൽ നിർവികാരയായി ഇരിക്കുന്ന ഹിമാൻഷിയുടെ ചിത്രം പിന്നീട് രാജ്യത്തിന് തന്നെ വേദനയായി മാറി. രണ്ട് വർഷം മുൻപായിരുന്നു വിനയ് നർവാൾ നാവികസേനയിൽ ചേർന്നത്. ആദ്യ പോസ്റ്റിംഗ് കൊച്ചിയിലായിരുന്നു. പിന്നീട് ഇവിടെ തന്നെ സേവനം തുടരുകയായിരുന്നു.
ഇന്നലെയായിരുന്നു പഹല്‍ഗാമില്‍ രാജ്യത്തെ നടുക്കിയ ഭീകരാക്രമണം അരങ്ങേറിയത്. പ്രദേശത്തുണ്ടായിരുന്ന ടൂറിസ്റ്റുകള്‍ക്ക് നേരെ പൈന്‍ മരങ്ങള്‍ക്കിടയില്‍ നിന്നിറങ്ങിവന്ന ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. വിനയ് ഉൾപ്പെടെ 28 പേർക്കാണ് ആക്രമണത്തിൽ ജീവൻ നഷ്ടമായത്. കൊല്ലപ്പെട്ടവരിൽ ഇടപ്പള്ളി സ്വദേശിയുമുണ്ടായിരുന്നു. ആക്രമണത്തിന് തൊട്ടുപിന്നാലെ ലഷ്‌കര്‍ ഇ തൊയ്ബയുടെ ഉപസംഘടനയായ ദി റെസിസ്റ്റന്‍സ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. ആക്രമണം നടത്തിയ ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടിട്ടുണ്ട്. ലഷ്‌കര്‍ നേതാവ് സെയ്ഫുള്ള കസൂരിയാണ് ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ എന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്നിരിക്കുന്ന വിവരം.
0 Comments