ഇന്ന് ലോക പുകയില വിരുദ്ധ ദിനമായി ആചരിക്കുന്നു. പുകയിലയുടെ മാരകമായ ദൂഷ്യഫലങ്ങളെപ്പറ്റി ജനങ്ങളെ ബോധവൽക്കരിക്കുക, പുകയില ഉൽപ്പന്നങ്ങൾ നിയന്ത്രിക്കാൻ സർക്കാരുകളെ പ്രേരിപ്പിക്കുക എന്നിവയാണ് പുകയില വിരുദ്ധ ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം.
പുകയില ഉപഭോഗം മൂലമുണ്ടാകുന്ന രോഗങ്ങളും മരണങ്ങളും കുറയ്ക്കുകയാണ് ലോകാരോഗ്യ സംഘടനയുടെ ഈ ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്. പുകയില ഉപയോഗിക്കുന്നവരെ പുകയില ഉപേക്ഷിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനായി 1987-ൽ ലോക പുകവലി വിരുദ്ധ ദിനം എന്ന പ്രമേയത്തോടെ ലോകാരോഗ്യ സംഘടന (WHO) ലോക പുകയില വിരുദ്ധ ദിനാചരണത്തിന് നേതൃത്വം നൽകി.
പുകയില ഉപയോഗവുമായി ബന്ധപ്പെട്ട ലോകമെമ്പാടുമുള്ള ആരോഗ്യ അപകടസാധ്യതകൾ പരിഹരിക്കുന്നതിനായി 1998-ൽ WHO പുകയില രഹിത സംരംഭം (TFI) സ്ഥാപിച്ചു. ഇന്നത്തെ പ്രധാന പൊതുജനാരോഗ്യ വെല്ലുവിളികളിൽ ഒന്ന് പുകയില, നിക്കോട്ടിൻ, അനുബന്ധ ഉൽപ്പന്നങ്ങൾ എന്നിവയോടുള്ള ആകർഷണമാണ്. പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ. പുകയില ഉപഭോഗം മൂലം പ്രതിവർഷം എട്ട് ദശലക്ഷം പേർ മരിക്കുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്.
ക്ഷയം, ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പൾമണറി ഡിസീസ്, മറ്റ് ശ്വാസകോശ രോഗങ്ങൾ തുടങ്ങിയവ പുകയില ഉപയോഗത്തിന്റെ ഫലങ്ങളാണ്. മുതിർന്നവരിൽ പരോക്ഷമായ പുകവലി ഹൃദയ-ശ്വാസകോശ സംബന്ധ ഗുരുതര രോഗങ്ങൾക്ക് കാരണമാകുന്നു. പൊതുസ്ഥലങ്ങളിൽ പകുതിയോളം കുട്ടികളും പുകയിലയുടെ പുക ശ്വസിക്കാൻ ഇടവരുന്നെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
0 Comments