പത്തനംതിട്ട: കെപിസിസി പ്രസിഡന്റായി സണ്ണി ജോസഫിനെ തിരഞ്ഞെടുത്തതുൾപ്പെടെയുള്ള ഹൈക്കമാന്റിന്റെ തീരുമാനം പാർട്ടിക്ക് ഗുണകരമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഊർജസ്വലമായ നേതൃത്വത്തെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. യുവാക്കളെ അടക്കം പരിഗണിക്കുന്ന നല്ലൊരു പട്ടികയാണ് പുറത്തുവന്നത്. കേരളത്തിലെ കോൺഗ്രസിനെ കുറിച്ച് കുറച്ച് ദിവസമായി പ്രചരിക്കുന്ന അഭ്യൂഹങ്ങൾ തെറ്റാണെന്ന് തെളിയിക്കുന്ന തീരുമാനം കൂടിയാണിത് എന്നും ചെന്നിത്തല പറഞ്ഞു.
കെപിസിസി അധ്യക്ഷനെ മാറ്റുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഉണ്ടായ വാർത്തകളിലെ ഉത്തരവാദിത്തമില്ലായ്മയേയും ചെന്നിത്തല വിമർശിച്ചു. 'മാധ്യമങ്ങൾ കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണം. പാർട്ടിയറിയാത്ത പല വാർത്തകളും പ്രചരിച്ചിട്ടുണ്ട്. സാധാരണ മാധ്യമങ്ങളെ വിമർശിക്കാത്തതാണ്. എന്നാൽ പ്രചരിച്ച വാർത്തകൾ ബോധപൂർവ്വമായിരുന്നു. നേതൃമാറ്റ തീരുമാനം കോൺഗ്രസ് പ്രവർത്തകർ സന്തോഷത്തോടെ സ്വീകരിക്കുന്നു. അടുത്ത ഭരണം യുഡിഎഫിന് എന്ന് വ്യക്തമാക്കുന്ന പുനസംഘടനയാണിത്. എല്ലാവരും ഒറ്റക്കെട്ടായി നിന്ന് യുഡിഎപിനെ വിജയത്തിലേക്ക് എത്തിക്കണം' എന്നും രമേശ് ചെന്നിത്തല പറഞ്ഞു.
0 Comments