കൊച്ചി: കൊച്ചി പുറം കടലിൽ മുങ്ങിയ എംഎസ്‌സി എൽസ 3 കപ്പലിലെ ഇന്ധന ടാങ്കുകളുടെ എണ്ണ നീക്കാനാവാത്തത് അപകടസാധ്യതയായി തുടരുന്നു. സ്ഥിതി കൂടുതല്‍ വഷളാകും മുന്‍പ് സമയബന്ധിതമായി എണ്ണ നീക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. സങ്കീര്‍ണമായ സാഹചര്യം കണക്കിലെടുത്ത് കപ്പലുടമകള്‍ പുതുതായി കരാര്‍ നല്‍കിയ സ്ഥാപനമാകും ഇനി എണ്ണ നീക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്നാണ് വിവരം. 24 മണിക്കൂറിനകം അവരുടെ പ്രവര്‍ത്തനം തുടങ്ങും. ടാങ്കില്‍ ചോര്‍ച്ച ഉണ്ടായാല്‍ വലിയ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ഉണ്ടാകും. നിലവിൽ മോശം കാലാവസ്ഥ മൂലം ദൗത്യം നിര്‍ത്തിവെച്ചിരിക്കുകയാണ്.
ഇന്ധന ടാങ്കുകള്‍, വെന്റുകള്‍, സൗണ്ടിങ് പൈപ്പുകള്‍ എന്നിവയുടെ ക്യാപ്പിങ്ങും സീലിങ്ങും വിജയകരമായി പൂര്‍ത്തിയാക്കിയതാണ് ആശ്വാസം. കരാറുകാരനെ മാറ്റിയതും മണ്‍സൂണ്‍ ശക്തമാകുന്നതും കാലതാമസം ഉണ്ടാക്കുന്നുണ്ട്. കാലാവസ്ഥ അനുകൂലമല്ലാത്തതിനാല്‍ എയര്‍-ഡൈവിങ് പ്രവര്‍ത്തനങ്ങളും അവസാനിപ്പിച്ചിരിക്കുകയാണ്. ഐസിജി, എംഎസ്‌സി പി ആന്‍ഡ് ഐ, എംഇആര്‍സി, സംസ്ഥാന സര്‍ക്കാര്‍, ഐടിഒപിഎഫ്, നിയമിതരായ സാല്‍വര്‍മാര്‍ എന്നിവരുള്‍പ്പെടെയുള്ളവരുമായി ചേര്‍ന്ന് ഡിജിഎസ് (ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ്) പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്. കൊച്ചി താജ് മലബാര്‍ ഹോട്ടലിലെ കണ്‍ട്രോള്‍ സെന്ററിലാണ് എല്ലാ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നത്.
പ്രതികൂല കാലാവസ്ഥ കാരണം നന്ദ് സാര്‍ത്തി എന്ന ടഗ്ഗ് കൊച്ചി തുറമുഖത്ത് തന്നെയാണ്. സ്ഥിതി മെച്ചപ്പെട്ട് കഴിഞ്ഞാല്‍ ഓഫ്ഷോര്‍ ഗാര്‍ഡ് ഡ്യൂട്ടിയിലേക്ക് ഇത് മടങ്ങും. പകരമായി ഗാര്‍ഡ് ടഗ്ഗായ കാനറ മേഘ് മുംബൈയില്‍നിന്ന് അപകടസ്ഥലത്തേക്ക് വൈകാതെ എത്തും. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് കടല്‍ത്തീര നിരീക്ഷണം നടത്തുന്നു. ഐസിജിഎസ് അനഘ് സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. തീരദേശത്ത് അടിഞ്ഞുകൂടുന്ന നര്‍ഡില്‍ (പ്ലാസ്റ്റിക് തരികള്‍) ശേഖരിക്കുന്നത് തുടരുകയാണ്. പക്ഷേ, വീണ്ടും ഇത് വന്നടിയുന്നുണ്ട്. ഇതുവരെ 65 ടണ്‍ നര്‍ഡില്‍ ആണ് ശേഖരിച്ചത്. കണ്ടെയ്‌നറുകള്‍ വീണ്ടെടുക്കുന്നതിനുള്ള ശ്രമങ്ങളും തുടരുകയാണ്. നാല് കണ്ടെയ്‌നറുകള്‍ കൂടി കണ്ടെത്താനുണ്ട്. തിരുവനന്തപുരത്തും രാമേശ്വരത്തും വൊളന്റിയര്‍മാര്‍ തീര ശുചീകരണം തുടരുകയാണ്.
അതേസമയം, അറബിക്കടലില്‍ തീപിടിച്ച വാന്‍ഹായ് കപ്പലില്‍ തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെ കനത്ത പുക രക്ഷാദൗത്യസംഘത്തിന് പ്രതിസന്ധിയാകുന്നുണ്ട്. കപ്പലിലെ തീയണയ്ക്കാന്‍ രാസപ്പൊടി അടക്കമുള്ളവ രക്ഷാദൗത്യസംഘം ഉപയോഗിച്ചിരുന്നു. വെള്ളവും പതയും കപ്പലിലേക്ക് ചീറ്റിക്കുന്ന പ്രവൃത്തിയാണ് ഇപ്പോള്‍ തുടരുന്നത്. കപ്പലിന്റെ ഡെക്കിന്റെ മുന്‍ഭാഗത്തും ബങ്കര്‍ ടാങ്കിന്റെ സമീപത്തുമാണ് തീ അവശേഷിക്കുന്നത്. കപ്പലിനെ 45 നോട്ടിക്കല്‍ മൈലിലേറെ ദൂരത്തേക്ക് കെട്ടിവലിച്ച് മാറ്റിയെങ്കിലും ഉള്ളില്‍ കയറിയുള്ള പരിശോധന നടത്താനായിട്ടില്ല. ഉള്ളില്‍ പരിശോധന നടത്തിയാലേ അപകടത്തില്‍ കാണാതായ നാല് പേരെക്കുറിച്ച് അറിയാനാകൂവെന്ന നിഗമനത്തിലാണ് സംഘം. നാവികസേനയും കോസ്റ്റ്ഗാര്‍ഡും രക്ഷാദൗത്യസംഘത്തിന്റെ പ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കുകയും സഹായിക്കുകയും ചെയ്യുന്നുണ്ട്.

0 Comments