കൊട്ടിയൂർ:ഒരുമാസം നീണ്ടുനിൽക്കുന്ന കൊട്ടിയൂർ വൈശാഖോത്സവത്തിനാവശ്യ മായ വിളക്കുതിരികളുമായി വിളക്കുതിരി സംഘം പുറക്കളം തിരൂർക്കുന്ന് ഗണപതി ക്ഷേത്രത്തിൽനിന്ന് കൊട്ടിയൂരീലേക്ക് പുറപ്പെട്ടു.പൂയ്യം നാളായ ശനിയാഴ്ച രാത്രി പത്തോടെയാണ് മണിയൻ ചെട്ടിയാൻ സ്ഥാനികൻ കറുത്ത പ്രേമരാജന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘം കാൽനടയായി കൊട്ടിയൂരിലേക്ക് യാത്ര തിരിച്ചത്.ക്ഷേത്രത്തിൽ നടന്ന ചടങ്ങുകൾക്കും അന്നദാനത്തിനും ശേഷം ഓംകാര വിളികളോടെയാണ് സംഘം യാത്രയായ്, കതിരൻ ഭാസ്കരൻ, തൊണ്ടൻ രാഘവൻ, ചിങ്ങൻ പ്രകാശൻ, കറുത്ത പ്രദീപൻ, കതിരൻ രജീഷ്, ലിജിൻ വട്ടോളി, നാദോരൻ ചന്ദ്രൻ എന്നിവരാണ് സംഘത്തിലുള്ളത്.
കൊട്ടിയൂർ ക്ഷേത്രത്തിൽ നടക്കുന്ന പ്രക്കുഴം ചടങ്ങ് മുതൽ വ്രതം നോറ്റുനിൽക്കുന്ന സംഘം രേവതി നാളിലാണ് വ്രതശുദ്ധിയോടെ പുറക്കളത്തെ മഠത്തിൽ കയറിയത്.വിളക്കുതിരികൾ, കുത്തിരി കിള്ളിശീല, തലപ്പാവ്. ഉത്തരീയം എന്നിവയാണ് ഒൻപത് ദിവസങ്ങൾക്കൊണ്ട് സംഘം നിർമിച്ചത്. ഭക്ഷണം സ്വയം പാചകം ചെയ്ത് കഴിച്ച് ആചാരാനുഷ്ടാനങ്ങളോടെയാണ് ഉത്സവത്തിന്റെ പ്രധാനമായ വസ്തുക്കൾ നിർമിച്ചത്.
എടയാർ മഹാവിഷ്ണു ക്ഷേത്രത്തിൽ ശനിയാഴ്ച രാത്രി തങ്ങിയ സംഘം ഞായറാഴ്ച ഉച്ചയ്ക്ക് പേരാവൂർ ഗണപതി ക്ഷേത്രത്തിലെത്തി. തുടർന്ന് രാത്രി മണത്തണ ഗോപുരത്തിൽ വിശ്രമിച്ച് തിങ്കളാഴ്ച പുലർച്ചയോടെ ഇക്കരെ കൊട്ടിയൂരെത്തും. തുടർന്ന് മണിയൻ ചെട്ടിയാൻ സംഘം വിളക്കുതിരികളും മറ്റും ക്ഷേത്ര ഭാരവാഹികളെ ഏൽപ്പിക്കും. പൂരം നാളിൽ അക്കരെ കൊട്ടിയൂരിൽ ക്ഷേത്ര ഊരാളന്മാരുടെ അടിയന്തിര യോഗം ചേർന്ന് വസ്തുവകകൾ എണ്ണിത്തിട്ടപ്പെടുത്തി ഏറ്റെടുക്കുന്നതോടെയാണ് പ്രധാന ചടങ്ങായ നീരെഴുന്നള്ളത്ത് തുടങ്ങുക. വർഷങ്ങളായി വൈശാഖോത്സവക്കാലത്ത് വിളക്ക് തെളിക്കാനും മറ്റും ഉപയോഗിക്കുന്നത് പുറക്കളം വിളക്കുതിരിസംഘമെത്തിക്കുന്ന ഉത്പന്നങ്ങളാണ്.

0 Comments