ഭാരതാംബയുടെ ചിത്രം വേദിയിൽ നിന്ന് ഒഴിവാക്കില്ല; ഗവർണർ



തിരുവനന്തപുരം: രാജ്ഭവനിലെ പുതിയ ഭാരതാംബ വിവാദത്തിൽ വിട്ടുവീഴ്ചയില്ലെന്ന സൂചനയുമായി ഗവർണർ രാജേന്ദ്ര ആർലേക്കർ. ഭാരതാംബയുടെ ചിത്രം വേദിയിൽ നിന്ന് ഒഴിവാക്കില്ലെന്ന് ഗവർണർ വ്യക്തമാക്കി. ഭാരതാംബയുടെ ചിത്രം ഒഴിവാക്കുമെന്ന് ആര്‍ക്കും ഉറപ്പ് കൊടുത്തിട്ടില്ലെന്നും പരിപാടി ബഹിഷ്‌കരിച്ച മന്ത്രി വി ശിവന്‍കുട്ടി പ്രോട്ടോക്കോള്‍ ലംഘിച്ചെന്നുമുള്ള രാജ്ഭവൻ വിശദീകരണത്തിന് പിന്നാലെയാണ് ഗവർണർ നിലപാട് കടുപ്പിച്ചത്.

ഉദ്ഘാടനവും പുഷ്പാര്‍ച്ചനയും കഴിഞ്ഞതിനുശേഷമാണ് മന്ത്രി എത്തിയതെന്നും അതിനുശേഷം പരിപാടി ബഹിഷ്‌കരിക്കുന്നു എന്ന് മൈക്കില്‍ പറയുകയായിരുന്നു എന്നുമാണ് രാജ്ഭവൻ വിശദീകരണം നൽകിയത്. സംസ്ഥാന സര്‍ക്കാരിന്റെ പരിപാടിയല്ല, അതുകൊണ്ടാണ് വിളക്ക് തെളിയിച്ച് ഉദ്ഘാടനം നടത്തിയതെന്നും രാജ്ഭവന്‍ വിശദീകരിച്ചിരുന്നു.

അതേസമയം മുഖ്യമന്ത്രിയുടെ പരിപാടി കഴിഞ്ഞ ശേഷമാണ് താൻ രാജ്ഭവനിലേക്കെത്തിയത് എന്നും അപ്പോൾ ഭാരതാംബയുടെ ഫോട്ടോയിൽ പൂവിട്ട് പൂജിക്കുന്ന ചടങ്ങ് നടക്കുകയായിരുന്നു എന്നുമാണ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞത്. തുടർന്ന് അധ്യക്ഷ പ്രസംഗം നടത്തുമ്പോൾ ഭാരതാംബയുടെ ചിത്രം വെച്ചതിൽ മന്ത്രി അതൃപ്തി പരസ്യമാക്കുകയായിരുന്നു.

ഗവർണർ കാണിക്കുന്നത് അഹങ്കാരവും ധിക്കാരവുമാണെന്നും മന്ത്രി പറഞ്ഞു. സ്കൗട്ട് ആൻഡ് ഗൈഡ്‌സ് പരിപാടിയിൽ ഭാരതാംബ ചിത്രം വെച്ചതിൽ പ്രതിഷേധിച്ചാണ് മന്ത്രി വി ശിവൻകുട്ടി ഇറങ്ങിപ്പോയത്. ചിത്രം വെക്കില്ലെന്ന് നേരത്തെ മന്ത്രിക്ക് ഉറപ്പ് ലഭിച്ചിരുന്നു. എന്നാൽ മന്ത്രി എത്തിയപ്പോൾ വേദിയിൽ ഭാരതാംബയുടെ ചിത്രം ഉണ്ടായിരുന്നു. ഇതോടെ മന്ത്രി പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.

Post a Comment

0 Comments