കെ സി വേണുഗോപാലിനെതിരെ ആഞ്ഞടിച്ച് മന്ത്രി മുഹമ്മദ് റിയാസ്


കോഴിക്കോട്: എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ ആഞ്ഞടിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. രാജസ്ഥാനില്‍ നിന്നുള്ള തന്റെ രാജ്യസഭാ സീറ്റ് രാജിവെച്ച് ബിജെപിക്ക് ദാനം നല്‍കിയ എഐസിസി ജനറല്‍ സെക്രട്ടറിയുടെ ‘ട്യൂഷന്‍’ മതനിരപേക്ഷ കേരളത്തിനാവശ്യമില്ലെന്ന് മുഹമ്മദ് റിയാസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ‘ബിജെപിക്ക് രാജ്യസഭയില്‍ ഭൂരിപക്ഷം തികയ്ക്കാന്‍ ”കൈ” സഹായം നല്‍കിയവര്‍ ബിജെപിയുടെ ഏജന്റ് പണിയാണ് ചെയ്യുന്നതെന്ന് സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലും മനസ്സിലാക്കി തുടങ്ങിയിട്ടുണ്ട്.

രാജസ്ഥാനിലെ രാജ്യസഭാ സീറ്റില്‍ പിന്നീട് വിജയിച്ച ബിജെപിയുടെ രവനീത് സിംഗ് ബിട്ടു നിലവില്‍ ബിജെപിയുടെ കേന്ദ്രമന്ത്രിയാണ്. ഹരിയാന തിരഞ്ഞെടുപ്പില്‍ ബിജെപിയെ ജയിപ്പിക്കാനുള്ള ക്വട്ടേഷന്‍ എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറിക്കായിരുന്നുവെന്ന് അവിടത്തെ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ വ്യക്തമാക്കിയ കാര്യവുമാണ്. ഏതായാലും മുഖ്യമന്ത്രിയുടെ ഇന്നലത്തെ പത്രസമ്മേളനം കൊള്ളേണ്ടയിടത്ത് തന്നെ കൊണ്ടിട്ടുണ്ട്’, റിയാസ് പറഞ്ഞു.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് കെ സി വേണുഗോപാല്‍ രംഗത്തെത്തിയിരുന്നു. ആര്‍എസ്എസുമായി സഹകരിച്ചിട്ടുണ്ടായിരുന്നുവെന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പരാമര്‍ശത്തില്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വ്യക്തത വരുത്തിയിരുന്നു. ഇതിനെതിരെയാണ് ഇപ്പോള്‍ വേണുഗോപാല്‍ രംഗത്തെത്തിയിരിക്കുന്നത്.

‘അവസരവാദമേ.. താങ്കളുടെ പേരാണോ പിണറായി വിജയന്‍..ചരിത്രവസ്തുതകളെ മുഖ്യമന്ത്രി വളച്ചൊടിക്കുന്നു. എന്തുകൊണ്ടാണ് സുന്ദരയ്യ രാജിവെച്ചത് എന്ന് എല്ലാവര്‍ക്കും അറിയാം. ആര്‍എസ്എസ് ബന്ധം സിപിഐഎം ആഗ്രഹിച്ചപ്പോഴാണ് സുന്ദരയ്യ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചത്. 1977ല്‍ പിണറായി വിജയന്‍ നിയമസഭയിലേക്ക് വിജയിച്ചത് ആര്‍എസ്എസിന്റെ പിന്തുണയോടെയാണ്. ഗവര്‍ണര്‍ക്കെതിരെ സിപിഐ ക്യാമ്പയിന്‍ നടത്തിയപ്പോള്‍ മുഖ്യമന്ത്രി മിണ്ടിയില്ല’, കെ സി വേണുഗോപാല്‍ വിമര്‍ശിച്ചു.

Post a Comment

0 Comments