അഹമ്മദാബാദ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ട വിശ്വാസ് കുമാർ ആശുപത്രി വിട്ടു



അഹമ്മദാബാദ്: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട യാത്രക്കാരൻ വിശ്വാസ് കുമാർ ആശുപത്രി വിട്ടു. അഹമ്മദാബാദിലെ സിവിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിശ്വാസിനെ അന്വേഷണ സംഘത്തിൻ്റെ നിർദ്ദേശ പ്രകാരം ഹോട്ടലിലേക്ക് മാറ്റിയിരിക്കുകയാണ്.

അപകടത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പടെയുള്ള പ്രമുഖ നേതാക്കൾ ആശുപത്രിയിലെത്തി വിശ്വാസിനെ സന്ദർശിച്ചിരുന്നു. അപകടത്തെെ കുറിച്ച് വിശ്വാസിന്റെ ഭാഗത്ത് നിന്ന് ഇനിയും വിവരങ്ങൾ അന്വേഷണ സംഘം ചോദിച്ചറിയുമെന്നാണ് വിവരം. 20 വര്‍ഷമായി ഭാര്യയും കുട്ടിയുമായി ലണ്ടനില്‍ താമസിച്ചു വരുന്ന രമേശ് തന്റെ കുടുംബത്തെ സന്ദര്‍ശിക്കാനാണ് ഇന്ത്യയിലേക്ക് എത്തിയത്.

തിരികെ ലണ്ടനിലേയ്ക്ക് സഹോദരനൊപ്പം മടങ്ങവെയാണ് അപകടം ഉണ്ടായത്. എയര്‍ ഇന്ത്യ 171 വിമാനത്തില്‍ 11A നമ്പര്‍ സീറ്റായിരുന്നു ഇദ്ദേഹത്തിന്റേത്. “എന്റെ കൺമുന്നിൽവെച്ച് ആളുകൾ മരിച്ച് വീഴുകയായിരുന്നു. ഞാനും മരിക്കുമെന്നാണ് കരുതിയത്.  ഞാൻ ഈ ദുരന്തത്തെ എങ്ങനെ അതിജീവിച്ചെന്ന് അറിയില്ല” എന്നാണ് അപകടത്തിന് ശേഷം വിശ്വാസ് കുമാർ മാധ്യമങ്ങളോട് പറഞ്ഞത്.

അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേയ്ക്ക് പറന്നുയര്‍ന്ന എയര്‍ ഇന്ത്യയുടെ വിമാനമായിരുന്നു അപകടത്തില്‍പ്പെട്ടത്. പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളിലായിരുന്നു വിമാനം തകർന്നു വീണത് . ബി ജെ മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ മെസ്സിലേയ്ക്കും പിജി വിദ്യാര്‍ത്ഥികളും സ്പെഷ്യല്‍ വിഭാഗത്തിലുള്ളവരും താമസിക്കുന്ന ഹോസ്റ്റലിലേക്കുമായിരുന്നു വിമാനം വീണത്.

Post a Comment

0 Comments