കൊച്ചി: താമരശേരി ഷബഹാസ് വധക്കേസിൽ കുറ്റാരോപിതരായ വിദ്യാർഥികൾക്ക് തുടർ പഠനത്തിന് ആവശ്യമായ സൗകര്യം ഒരുക്കണമെന്ന് ഹൈക്കോടതി. കോഴിക്കോട് ഒബ്സർവേഷൻ ഹോമിൽ കഴിയുന്ന ഇവർക്ക് പതിനൊന്നാം ക്ലാസിലേക്ക് പ്രവേശനത്തിനുള്ള അവസാന തീയതി നാളെയാണ്. ഇതിന് അവസരമൊരുക്കണം എന്ന് ആവശ്യപ്പെട്ടാണ് പ്രതികൾ കോടതിയിൽ എത്തിയത്.
പ്രവേശനം തടയരുതെന്നും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്നുമാണ് കോഴിക്കോട് ഒബ്സർവേഷൻ ഹോം സൂപ്രണ്ടിനോട് കേരള ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്. പ്രതികൾക്ക് സംരക്ഷണം ഉറപ്പാക്കാൻ താമരശേരി പൊലീസിനോടും കോടതി ആവശ്യപ്പെട്ടു. താമരശേരിയിൽ വിദ്യാർഥിയായിരുന്ന ഷഹബാസിനെ മർദിച്ചു കൊലപ്പെടുത്തിയതിനാണ് ആറ് സഹ വിദ്യാർഥികളെ അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്തതിനാൽ ഒബ്സർവേഷൻ ഹോമിലാണ് ഇവരെ പാർപ്പിച്ചിരിക്കുന്നത്.
ഷഹബാസ് കൊലപാതകത്തിൽ പ്രായപൂർത്തിയാകാത്ത ആറ് പേരെ പ്രതി ചേർത്തുള്ളതാണ് കുറ്റപത്രം. 107 സാക്ഷികളെ ഉൾപ്പെടുത്തിയുള്ള കുറ്റപത്രത്തിൽ, ഇൻസ്റ്റഗ്രാം ഗ്രൂപ്പിലെ ചാറ്റ് ഉൾപ്പടെയുള്ള ഡിജിറ്റൽ തെളിവുകളും സമർപ്പിച്ചിട്ടുണ്ട്. ജുവൈനൽ ജസ്റ്റിസ് ബോർഡ് മുമ്പാകെയാണ് കുറ്റപത്രം നൽകിയത്. കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസ് പ്രത്യേകമായി അന്വേഷിക്കും. പ്രതികളായ വിദ്യാർത്ഥികളുടെ ബന്ധുക്കളുടെ പങ്ക് സംബന്ധിച്ച് ഷഹബാസിൻ്റെ കുടുംബത്തിൻ്റെ ആരോപണത്തിൽ ഈ അന്വേഷണത്തിൽ വ്യക്തത വരും.

0 Comments