മേപ്പാടി: മുണ്ടക്കൈ ചൂരല്‍മല ഉരുള്‍ പൊട്ടലില്‍ കേടുപാടു സംഭവിച്ച വെള്ളരിമല വില്ലേജ് ഓഫീസ് മേപ്പാടി പോളി ടെക്‌നിക് കോളേജിലെ ഒഴിഞ്ഞ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. ജൂലൈ 30 ന് ഉണ്ടായ ഉരുള്‍പൊട്ടലില്‍ ചെളിയും വെള്ളവും കയറി നാശം സംഭവിച്ച വെള്ളരിമല വില്ലേജ് ഓഫീസിന്റെ പ്രവര്‍ത്തനങ്ങള്‍ വളരെ പ്രയാസകരമായാണ് നടന്നത്. മേപ്പാടി പഞ്ചായത്തിന് കീഴിലെ അഗതി മന്ദിരത്തിലാണ് നിലവില്‍ വില്ലേജ് ഓഫീസ് പ്രവര്‍ത്തിച്ചത്. പൊതുജനങ്ങള്‍ നിരന്തരം എത്താറുള്ള ഓഫീസിന് അസൗകര്യം നേരിട്ടതിനാലാണ് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മറ്റൊരു സ്ഥലം കണ്ടെത്തിയത്.
മേപ്പാടി ഗവ പോളിടെക്‌നിക്ക് കോളേജിലെ ഉപയോഗിക്കാതെ ഇരുന്ന പഴയ കെട്ടിടം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. തുടര്‍ന്ന് പോളിടെക്‌നിക്ക് അധികൃതരെ അറിയിച്ച് ദുരന്ത നിവാരണ നിയമ പ്രകാരം വില്ലേജ് ഓഫീസിന്റെ പ്രവര്‍ത്തനത്തിന് കെട്ടിടം ഏറ്റെടുത്ത് സജ്ജീകരിക്കുകയായിരുന്നു. ഓഫീസ് പ്രവര്‍ത്തന അനുയോജ്യമാക്കാന്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുടെ സഹായത്തോടെ കെട്ടിടത്തിന്റെ ചുറ്റുപാടുകള്‍ വൃത്തിയാക്കിയത്.
കെട്ടിടത്തിന്റെ പുറകുവശത്ത് മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാല്‍ കല്‍പ്പറ്റ ഗവ ഐ.ടി. ഐ യില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും കൂട്ടായ്മയായ നൈപുണി കര്‍മ്മ സേനയുടെ സഹായവും കെട്ടിടം യോജിച്ച രീതിയില്‍ മാറ്റിയെടുക്കുവാന്‍ സാധിച്ചു. പോളിടെക്‌നിക്ക് കോളെജില്‍ ആരംഭിച്ച വെള്ളരിമല വില്ലേജ് ഓഫീസില്‍ ജില്ലാ കളക്ടര്‍ വൃക്ഷ തൈ നട്ടു ഉദ്ഘാടനം ചെയ്തു. മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ.ബാബു, വാര്‍ഡ് അംഗം കെ.സുകുമാരന്‍, വൈത്തിരി തഹസില്‍ദാര്‍ വി ബിന്ദു, വെള്ളരിമല വില്ലേജ് ഓഫീസര്‍ എം. അജീഷ്, പോളിടെക്‌നിക്ക് പ്രിന്‍സിപ്പാള്‍ കരുണാകരന്‍, ഐ ടി ഐ ഗ്രൂപ്പ് ഇന്‍സ്ട്രക്ടര്‍ ജീവന്‍ ജോണ്‍സ് എന്നിവര്‍ പങ്കെടുത്തു.

0 Comments