അടക്കാത്തോട് സെന്റ്റ് ജോർജ്ജ് മലങ്കര കത്തോലിക്ക ദേവാലയത്തിന്റെ വി. കൂദാശ കർമ്മം ഡിസംബർ 30, 31 തീയതികളിൽ നടക്കും

 


അടക്കാത്തോട്: മലങ്കര കത്തോലിക്ക സഭയുടെ ബത്തേരി രൂപതയിലെ അടക്കാത്തോട് സെന്റ് ജോർജ്ജ് ദേവാലയത്തിന്റെ പുനർനിർമ്മാണ കൂദാശ കർമ്മങ്ങൾ ഡിസംബർ 30, 31 (ചൊവ്വ, ബുധൻ) തീയതികളിൽ ആഘോഷപൂർവ്വം നടക്കും. ബത്തേരി രൂപതാദ്ധ്യക്ഷൻ അഭി. ആബൂൻ മോർ ജോസഫ് മാർ തോമസ് മെത്രാപ്പോലീത്ത, പുത്തൂർ രൂപതാദ്ധ്യക്ഷൻ അഭി. ആബൂൻ മോർ ഗീവർഗീസ് മാർ മക്കാറിയോസ് എന്നിവർ കൂദാശ കർമ്മങ്ങൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും.

ആദ്യദിന ചടങ്ങുകൾ ഡിസംബർ 30:

ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30-ന് കേളകം ലിറ്റിൽ ഫ്ളവർ ദേവാലയ പരിസരത്ത് നിന്നും വിളംബര റാലി ആരംഭിക്കും. 3.30-ന് അടക്കാത്തോട് ദേവാലയത്തിൽ അഭിവന്ദ്യ പിതാക്കന്മാർക്കും, വിളംബര റാലിക്കും സ്വീകരണം നൽകും. തുടർന്ന് ശിലാഫലകം അനാച്ഛാദനം, ഗ്രോട്ടോ, കൽക്കുരിശ്, മണിമാളിക എന്നിവയുടെ കൂദാശയും ആഘോഷമായ വിശുദ്ധ ദേവാലയ കൂദാശ കർമ്മങ്ങളും നടക്കും.

വൈകുന്നേരം 5.45-ന് നടക്കുന്ന പൊതുസമ്മേളനം പേരാവൂർ നിയോജക മണ്ഡലം എം.എൽ.എ-യും കെ.പി.സി.സി പ്രസിഡന്റുമായ അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ വിവിധ രാഷ്ട്രീയ-സാമുദായിക നേതാക്കൾ സംബന്ധിക്കും. ഇടവകയുടെ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഭവന നിർമ്മാണ സഹായം, ചികിത്സാ ധനസഹായം, പഠന സഹായം എന്നിവയുടെ വിതരണവും ആദരിക്കൽ ചടങ്ങും ഇതോടൊപ്പം നടക്കും. 6.45-ന് ടൗൺ കുരിശടിയിലേക്ക് ഭക്തിനിർഭരമായ റാസയും നവീകരിച്ച കുരിശടിയുടെ കൂദാശയും നടക്കും. തുടർന്ന് ആരാധനയും നേർച്ചഭക്ഷണവും ഉണ്ടായിരിക്കും.

രണ്ടാം ദിന ചടങ്ങുകൾ ഡിസംബർ 31 :

ബുധനാഴ്ച രാവിലെ 8.30-ന് പ്രഭാത പ്രാർത്ഥനയെ തുടർന്ന് പരിശുദ്ധ മൂന്നിന്മേൽ കുർബാന നടക്കും. കുട്ടികളുടെ ആദ്യ കുർബാന സ്വീകരണവും ഈ ശുശ്രൂഷയിൽ നടക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ സുവനീർ പ്രകാശനവും, സമ്മാന കൂപ്പൺ നറുക്കെടുപ്പും നടക്കും. ഉച്ചയ്ക്ക് സ്നേഹവിരുന്നോടെ (നേർച്ചഭക്ഷണം) ചടങ്ങുകൾ സമാപിക്കും.

വികാരി ഫാ. വർഗീസ് ചെങ്ങനാമഠത്തിൽ, സിസ്റ്റർ അഭിഷിക്ത SIC, സണ്ണി കുന്നുമ്മേൽ (ജനറൽ കൺവീനർ), ടിനീഷ് ചമ്പക്കര (സെക്രട്ടറി), ഷാജി കുരുമ്പിക്കുളം (ട്രസ്റ്റി), സിബി അടുക്കോലിൽ (ജോയിന്റ് ജനറൽ കൺവീനർ) എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും. ജാതി-മത ഭേദമന്യേ ഏവരെയും കൂദാശ കർമ്മങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടക സമിതി അറിയിച്ചു.

Post a Comment

0 Comments