2026-27 അദ്ധ്യയന വർഷത്തെ പാഠ പുസ്തകം, യൂണിഫോം എന്നിവയുടെ സംസ്ഥാനതല വിതരണ ഉദ്ഘാടനം 13ന്




തിരുവനന്തപുരം : 2026-27 അദ്ധ്യയന വർഷത്തെ പാഠ പുസ്തകം, യൂണിഫോം എന്നിവയുടെ സംസ്ഥാനതല വിതരണ ഉദ്ഘാടനം 13ന് നടക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വൈകിട്ട് 4.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം പട്ടം സെൻ്റ് മേരീസ് സ്കൂളിൽ വച്ച് വിതരണം ഉദ്ഘാടനം ചെയ്യും.

2026-27 അദ്ധ്യയന വർഷത്തെ പാഠപുസ്തക അച്ചടിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ 2025 സെപ്തംബർ തന്നെ ആരംഭിക്കുകയും സ്റ്റോർ പർച്ചേയ്സ് മാനദണ്ഡം അനുസരിച്ച് പാഠപുസ്തക അച്ചടി പേപ്പർ പർച്ചേയ്സ് ചെയ്യുന്നതിനായി സ്റ്റേഷണറി വകുപ്പിനെയും പാഠപുസ്തക അച്ചടി കെബിപിഎസിനെയും ചുമതലപ്പെടുത്തുകയും പാഠപുസ്തക അച്ചടിക്കായുള്ള പേപ്പർ പർച്ചേയ്സ് ചെയ്യുന്നതിനായി 111 കോടി രൂപയുടെ ഭരണാനുമതി നൽകുകയും ചെയ്തിരുന്നതായി മന്ത്രി വ്യക്തമാക്കി.  ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്റ്റേഷണറി വകുപ്പ് അച്ചടിക്കാവശ്യമായ അഞ്ച് തരം പേപ്പർ, 2 തരം കാർഡ് എന്നിവ കെബിപിഎസിന് വാങ്ങി നൽകുന്നതിനായി ഇ-ടെണ്ടർ ക്ഷണിക്കുകയും പേപ്പർ ആന്റ് ബോർഡ് ലിമിറ്റിഡിൽ നിന്നും പേപ്പറും തമിഴ്നാട് ന്യൂസ് പ്രിന്റ് ആന്റ് പേപ്പേഴ്സിൽ നിന്നും കാർഡ് ഇനങ്ങളും വാങ്ങുന്നതിനായി ആകെ 92 കോടി രൂപയുടെ പർച്ചേയ്സ് അനുമതി നൽകുകയും ചെയ്തിരുന്നു. 

2026-27 അധ്യയന വർഷത്തേയ്ക്കുള്ള ഇൻഡന്റിംഗ് 2025 ഡിസംബർ ആദ്യവാരം തന്നെ പൂർത്തിയാക്കി ഡിസംബർ അവസാന വാരത്തോടെ കെബിപിഎസിന് അച്ചടി ഉത്തരവ് നൽകി.  ഒന്നാം വാല്യത്തിൽ 3.5 കോടി പാഠപുസ്തകങ്ങളും രണ്ടാം വാല്യത്തിൽ 1.9 കോടി പാഠപുസ്തകങ്ങളും ഇൻഡന്റ് ചെയ്തിട്ടുണ്ട്. 2025-26 അദ്ധ്യയന വർഷം ഒന്നാം വാല്യത്തിൽ 3.8 കോടി പാഠപുസ്തകങ്ങളും രണ്ടാം വാല്യത്തിൽ 2.16 കോടി പാഠപുസ്തകങ്ങളുമാണ് ഇൻഡന്റ് ചെയ്തിരുന്നത്.  2026-27 അദ്ധ്യയന വർഷത്തേയ്ക്ക് 68 ലക്ഷം പാഠപുസ്തകങ്ങളുടെ അച്ചടി നിലവിൽ പൂർത്തീകരിച്ചിട്ടുണ്ട്. 

68 ലക്ഷം പാഠപുസ്തകങ്ങൾ അച്ചടി പൂർത്തിയായതിൽ 51 ലക്ഷം പാഠപുസ്തകങ്ങൾ വിതരണത്തിനായി കെബിപിഎസ് വിവിധ ഹബ്ബുകളിൽ എത്തിച്ചിട്ടുണ്ട്. കെബിപിഎസിൽ നിലവിൽ പ്രതിദിനം 3 ലക്ഷം പാഠപുസ്തകങ്ങളുടെ അച്ചടി പുരോഗമിക്കുകയാണ്. 2025-26 അധ്യയന വർഷം മാർച്ച് രണ്ടാം വാരത്തോടെ വിതരണം ആരംഭിക്കുകയും മെയ് അവസാനത്തോടെ വിതരണം പൂർത്തീകരിക്കുകയും ചെയ്തിരുന്നു.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും കൈത്തറി വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന സൗജന്യ യൂണിഫോം പദ്ധതി രണ്ട് ഘടകങ്ങളായാണ് നടപ്പിലാക്കുന്നത്. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിന് കീഴിൽ വരുന്ന സൗജന്യ യൂണിഫോം പദ്ധതിയും സൗജന്യ കൈത്തറി യൂണിഫോം പദ്ധതിയും. സംസ്ഥാനത്തെ സ്റ്റാൻഡ് എലോൺ എൽപി, യുപി  സർക്കാർ സ്കൂളുകളിലും, 1 മുതൽ 4 വരെയുള്ള എയ്ഡഡ് എൽപി സ്കൂളുകളിലും കൈത്തറി വകുപ്പ് വഴി കൈത്തറി യൂണിഫോം നൽകിവരുന്നു.

കൈത്തറി യൂണിഫോം ലഭിക്കാത്ത 1 മുതൽ  8 വരെയുള്ള ഗവ ഹൈസ്കൂളിലെ എപിഎൽ വിഭാഗം ആണ്‍കുട്ടികള്‍ക്കും 1 മുതൽ  8 വരെയുള്ള എയ്ഡഡ് ഹൈസ്കൂളിലെ മുഴുവൻ കുട്ടികള്‍ക്കും ഇതോടൊപ്പം 1 മുതൽ  5 വരെയുള്ള എയ്ഡഡ് എൽപി സ്കൂളിലെ മുഴുവൻ കുട്ടികള്‍ക്കും ഒരു കുട്ടിക്ക് രണ്ട് ജോഡി യൂണിഫോമിന് 600 രൂപ നിരക്കിൽ അലവന്‍സ് പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്നും നൽകുന്നുണ്ട്.

പ്രസ്തുത രണ്ട് വിഭാഗങ്ങളിലും ഉൾപ്പെടാത്ത  സർക്കാർ ഹൈസ്കൂളുകളിലെ ബിപിഎൽ ആൺകുട്ടികൾ, എസ്‍സി/എസ്ടി കുട്ടികൾ, മുഴുവൻ പെൺകുട്ടികൾ എന്നീ വിഭാഗത്തിന് എസ്എസ്കെ യൂണിഫോം തുക നല്‍കുന്നു. 2026-27 അധ്യനവര്‍ഷത്തെ കൈത്തറി യൂണിഫോം വിതരണത്തിനുള്ള കുട്ടികളുടെ വിവരങ്ങൾ കൈറ്റ് വെബ്‌സൈറ്റ് മുഖേന ലഭ്യമായത് പ്രകാരം 8,00,193 കുട്ടികൾക്കാണ് വിതരണം ചെയ്യേണ്ടത്. 


Post a Comment

0 Comments