കേരള സ്റ്റോറി 2 റിലീസ് തടഞ്ഞ നടപടി സ്വാഗതാർഹം; ഹർജിക്കാരെ അഭിനന്ദിച്ച് മുഖ്യമന്ത്രി

വിവാദ ചിത്രം ‘കേരള സ്റ്റോറി 2’ വിന്റെ റിലീസ് തടഞ്ഞുകൊണ്ടുള്ള കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്വാഗതാർഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിനെ അപകീർത്തിപ്പെടുത്തുന്ന വ്യാജപ്രചരണങ്ങൾക്കെതിരെ നിയമപോരാട്ടം നടത്തിയ ഹർജിക്കാരെ മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രത്യേകം അഭിനന്ദിച്ചു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ഒരു സംസ്ഥാനത്തെയാകെ അവഹേളിക്കാനും സമൂഹത്തിൽ ധ്രുവീകരണം സൃഷ്ടിക്കാനുമുള്ള നീക്കങ്ങൾ ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തെ തീവ്രവാദികളുടെ നാടായി ചിത്രീകരിക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്ന കാലത്ത് വിവേകബുദ്ധിയോടെ സത്യം ഉയർത്തിപ്പിടിക്കാൻ ഓരോരുത്തരും ബാധ്യസ്ഥരാണെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. വിദ്വേഷം വിതയ്ക്കാനും മതനിരപേക്ഷ പാരമ്പര്യത്തെ തകർക്കാനും ലക്ഷ്യമിട്ടുള്ള ഇത്തരം ‘വിഷസൃഷ്ടികൾ’ക്കെതിരെ നിയമവഴികൾ തേടിയത് മാതൃകാപരമാണ്. മതേതരത്വത്തിന്റെയും സാഹോദര്യത്തിന്റെയും കേരള മാതൃകയെ തകർക്കാൻ ശ്രമിക്കുന്ന പ്രതിലോമ ശക്തികളെ ഒറ്റക്കെട്ടായി ചെറുക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

സിനിമയുടെ പ്രദർശനാനുമതി നൽകരുതെന്നും സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ 15 ദിവസത്തെ ഇടക്കാല സ്റ്റേ അനുവദിച്ചത്. സിനിമ റിലീസ് ചെയ്യാനിരിക്കെയായിരുന്നു കോടതിയുടെ ഈ സുപ്രധാന ഇടപെടൽ. എന്നാൽ, ഈ സ്റ്റേ ഉത്തരവിനെതിരെ നിർമ്മാതാവ് വിപുൽ ഷാ നൽകിയ അപ്പീൽ പരിഗണിക്കാൻ ഹൈക്കോടതി ഇന്നലെ രാത്രി പ്രത്യേക സിറ്റിങ് നടത്തിയിരുന്നു. ജസ്റ്റിസ് സുശ്രുത് അരവിന്ദ് ധർമാധികാരി, ജസ്റ്റിസ് പി.വി. ബാലകൃഷ്ണൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വാദം പൂർത്തിയാക്കി വിധി പറയാനായി മാറ്റിയിരിക്കുകയാണ്.

Post a Comment

0 Comments