ഓപ്പറേഷൻ “സ്കിൽ ഗാർഡ്” : ദീൻ ദയാൽ ഉപാധ്യായ പദ്ധതിയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായി വിജിലൻസ് മിന്നൽ പരിശോധന

 


തിരുവനന്തപുരം : ഗ്രാമീണ മേഖലയിലെ യുവജനങ്ങൾക്ക് നൈപുണ്യ പരിശീലനം നൽകുന്നതിനായി കേന്ദ്ര സർക്കാരിന്റെ ഗ്രാമീണ വികസന മന്ത്രാലയം നടപ്പാക്കുന്ന നൈപുണ്യ വികസന പദ്ധതിയായ ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യ യോജന (DDU-GKY) യുടെ നടത്തിപ്പിൽ ക്രമക്കേടുണ്ടെന്ന വിവരത്തെത്തുടർന്ന് വിജിലൻസ് മിന്നൽ പരിശോധന നടത്തി. പദ്ധതി നിർവ്വഹണ ഏജൻസികളിൽ വ്യാപകമായ ക്രമക്കേടുകളും തട്ടിപ്പും നടക്കുന്നതായി വിജിലൻലസിന് വിവരം ലഭിച്ചിരുന്നു.

പദ്ധതിയുടെ ആകെ ചിലവിന്റെ 60 ശതമാനം കേന്ദ്ര സർക്കാരും 40 ശതമാനം തുക സംസ്ഥാന സർക്കാരുമാണ് വഹിക്കുന്നത്. നിർവഹണ ഏജൻസികളെ തിരഞ്ഞെടുത്താണ് പദ്ധതികൾ നടപ്പിലാക്കി വരുന്നത്. പരിശീലനം നൽകാതെയും പരിശീലനാർഥികൾക്ക് അഡ്മിഷൻ നൽകിയതായി വ്യാജമായി കാണിച്ചും പരിശീലനം പൂർത്തിയാക്കിയവർക്ക് ജോലി ലഭിച്ചുവെന്ന് കാണിക്കാൻ വ്യാജ ശമ്പള സർട്ടിഫിക്കറ്റുകളും ബാങ്ക് സ്റ്റേറ്റുമെന്റുകളും ഹാജരാക്കിയും പദ്ധതി നിർവഹണ ഏജൻസികൾ ഫണ്ട് തട്ടിയെടുക്കുന്നതായി വിജിലൻസിന് വിവരം ലഭിച്ചിരുന്നു.

കൂടാതെ നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കാത്ത ഏജൻസികൾക്ക് ഉദ്യോഗസ്ഥർ പണം മാറി നൽകുന്നതായും പരിശീലന കേന്ദ്രത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടോയെന്ന് ഉറപ്പ് വരുത്താതെ പദ്ധതികൾ അനുവദിക്കുന്നതായും ചില ഏജൻസികൾ സ്വന്തം ജീവനക്കാരെ ട്രെയിനികളായി കാണിച്ച് തുക കൈക്കലാക്കുന്നതായും വിജിലൻസിന് വിവരം ലഭിച്ചിരുന്നു. തുടർന്നാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്ന തിരഞ്ഞെടുത്ത 47 പദ്ധതി നിർവഹണ ഏജൻസികളിലും ഡിഡിയുജികെവൈ പദ്ധതി നിർവഹണത്തിനായുള്ള സംസ്ഥാന നിർവഹണ ഓഫീസിലും 14 ജില്ലാ നിർവഹണ ഓഫീസുകളിലും ഉൾപ്പെടെ 62 ഇടങ്ങളിൽ ഇന്ന് രാവിലെ മുതൽ “ഓപ്പറേഷൻ സ്കിൽ ഗാർഡ്” എന്ന പേരിൽ മിന്നൽ പരിശോധന ആരംഭിച്ചത്.

പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ, വിജിലൻസിന്റെ ടോൾ ഫ്രീ നമ്പറായ 1064, 8592900900, 944778910 (വാട്സാപ്പ്) എന്നീ നമ്പറുകളിൽ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ആവശ്യപ്പെട്ടു.

Post a Comment

0 Comments