രജിസ്റ്റര്‍ ചെയ്തതും അല്ലാത്തതുമായ ദേശീയ, രാഷ്ട്രീയ സംസ്ഥാന പാര്‍ട്ടികള്‍, സ്ഥാനാര്‍ത്ഥികള്‍, വ്യക്തികള്‍ എന്നിവര്‍ ടെലിവിഷന്‍ ചാനലുകളിലോ കേബിള്‍ നെറ്റ് വര്‍ക്കുകളിലോ സിനിമാ ഹാളിലോ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരസ്യം നല്‍കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷനില്‍നിന്ന് മുന്‍കൂറായി അനുമതി വാങ്ങേണ്ടതാണെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ അറിയിച്ചു. മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി (എംസിഎംസി) മുമ്പാകെയാണ് അപേക്ഷ നല്‍കേണ്ടത്. രാഷ്ട്രീയ പരസ്യങ്ങളുടെ മുന്‍കൂര്‍ അനുമതി നല്‍കല്‍ (പ്രീസര്‍ട്ടിഫിക്കേഷന്‍), പെയ്ഡ് ന്യൂസിന്റെ പരിശോധനകള്‍, നടപടികള്‍, വ്യാജവാര്‍ത്തകള്‍, വിദ്വേഷ വാര്‍ത്തകള്‍ തുടങ്ങിയ മാധ്യമങ്ങളുടെ നിയമലംഘനങ്ങളുടെ പരിശോധനകള്‍ എന്നിവയാണ് എംസിഎംസിയുടെ കടമയും ഉത്തരവാദിത്തവും.
രാഷ്ട്രീയ പരസ്യങ്ങള്‍ ടെലിവിഷന്‍, കേബിള്‍ നെറ്റ് വര്‍ക്ക്/കേബിള്‍ ചാനലുകള്‍, സ്വകാര്യ എഫ് എം ചാനലുകള്‍ ഉള്‍പ്പെടെ റേഡിയോ എന്നിവയില്‍ ടെലികാസ്റ്റ്/ബ്രോഡ്കാസ്റ്റ് ചെയ്യാനും സിനിമാ ഹാളുകളില്‍ പ്രദര്‍ശിപ്പിക്കാനും പൊതുസ്ഥലങ്ങളില്‍ ഓഡിയോ വിഷ്വല്‍ ഡിസ്പ്ലേ നടത്താനും ഇ-ന്യൂസ് പേപ്പറുകളില്‍ നല്‍കാനും ബള്‍ക്ക് എസ്എംഎസ്/വോയ്സ് മെസേജ് നല്‍കാനും സാമൂഹിക മാധ്യമങ്ങള്‍, ഇന്‍ര്‍നെറ്റ് വെബ്സൈറ്റുകള്‍ എന്നിവയില്‍ നല്‍കാനും എംസിഎംസിയുടെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണ്. ഇത് കൂടാതെ അച്ചടി മാധ്യമങ്ങളില്‍ വോട്ടെടുപ്പ് ദിവസമോ അതിന് തൊട്ടു മുമ്പത്തെ ദിവസമോ നല്‍കുന്ന രാഷ്ട്രീയ പരസ്യങ്ങള്‍ക്കും മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണ്. അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍/ഏതെങ്കിലും ഗ്രൂപ്പുകള്‍/സംഘടന/അസോസിയേഷന്‍/സ്ഥാനാര്‍ഥി/വ്യക്തികള്‍ എന്നിവയ്ക്കെല്ലാം ഇത് ബാധകമാണ്.

0 Comments