പെരിക്കല്ലൂർ -ബത്തേരി റോഡ് നിർമ്മാണത്തിൽ അധികൃതർ അനാസ്ഥ കാണിക്കുന്നുവെന്ന് ആരോപിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി സമരത്തിലേക്ക്

പെരിക്കല്ലൂർ -ബത്തേരി റോഡ് പണിയിൽ അധികൃതർ കാണിക്കുന്ന അനാസ്ഥ കാണിക്കുന്നുവെന്ന് ആരോപിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ പ്രത്യക്ഷ സമരപരിപാടികൾ ആരംഭിക്കുന്നു. മൂന്നു മാസത്തിലധികമായി റോഡുകൾ മുഴുവൻ പൊളിച്ച് ഇട്ടിരിക്കുകയാണെന്നും നിലവിൽ പെരിക്കല്ലൂർ മുതൽ പുൽപ്പള്ളി ടൗൺ വരെയുള്ള ഭാഗം മാത്രമാണ് ഏകദേശം പൂർത്തിയാക്കിയിട്ടുള്ളതെന്നും വ്യാപാരി നേതാക്കൾ പറഞ്ഞു.

പുൽപള്ളി ടൗണിൽ തന്നെ ജനുവരി മാസത്തിൽ കുത്തി പൊളിച്ചിട്ടതിൻ്റെ ബാക്കി ഭാഗം ഇതുവരെ ടാറിങ് പ്രവർത്തികൾ നടത്തിയിട്ടില്ലാത്തതിനാൽ ദിവസേനയെന്നവണ്ണം അപകടങ്ങൾ ഉണ്ടാകുന്നുവെന്നും കൂടാതെ വാഹന ഡ്രൈവർമാർ തമ്മിൽ ഉള്ള നിരന്തരം വഴക്കിന്   കാരണമാവുകയാണെന്നും നേതാക്കൾ പറയുന്നു.

കൂടാതെ താഴെയങ്ങാടിയിൽ വർഷങ്ങളുടെ പഴക്കം മൂലം അപകടാവസ്ഥയിൽ ആയിരുന്ന കലുങ്ക് ഒരു ഭാഗം പൊളിച്ചിട്ടിട്ട് ഒരു മാസത്തോളമായെങ്കിലും യാതൊരു പ്രവൃത്തിയും നടത്താതെ കിടക്കുകയാണ്. കലുങ്ക് പൊളിച്ചാൽ 30 ദിവസത്തിനകം പണികൾ പൂർത്തീകരിക്കുമെന്ന് അധികൃതർ പറഞ്ഞെങ്കിലും പകുതി ഭാഗം പോലും പൂർത്തീകരിക്കാൻ കഴിയാതെ കൂടുതൽ അപകടാവസ്ഥയിലാക്കിയിട്ടിരിക്കുകയാണ്.ചീയമ്പം, ഷെഡ്, ഇരുളം ഭാഗങ്ങളിൽ ഒരു വിധത്തിലും കാൽനട യാത്ര പോലും ചെയ്യാനാവാത്ത വിധത്തിൽ റോഡ് തലങ്ങും വിലങ്ങും വെട്ടിപ്പൊളിച്ചിട്ട് നശിപ്പിച്ചിരിക്കുകയാണ്. ചതിക്കുഴികളിൽ വീണ് നിരവധി ഇരുചക്രവാഹന യാത്രക്കാർക്ക് അപകടം ഉണ്ടായത് കൂടാതെ ഭാരവാഹനങ്ങൾക്ക് യന്ത്ര തകരാറുകളും,ഇന്ധന നഷ്ടവും,പൊതുജനങ്ങൾക്ക് പൊടി ശല്യം മൂലം സമീപപ്രദേശത്ത് ജീവിക്കാൻ പറ്റാത്ത അവസ്ഥയും ഉണ്ടായിരിക്കുകയാണ്.

അടിയന്തരമായി റോഡ് പണികൾ പൂർത്തീകരിച്ച് യാത്ര യോഗ്യ ആക്കാത്തപക്ഷം സമാന ചിന്താഗതിക്കാരായ പ്രദേശവാസികളെ കൂടി ഒരുമിച്ചു കൂട്ടി പ്രത്യക്ഷ സമര പരിപാടികൾ ആരംഭിക്കാൻ വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനിച്ചിരിക്കുകയാണ്. ഇക്കാര്യത്തിൽ അടിയന്തര ശ്രദ്ധ പതിപ്പിച്ച് പരിഹാരമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജില്ലാ കലക്ടർക്കും,പൊതുമരാമത്ത് മന്ത്രിക്കും, ഗ്രാമപഞ്ചായത്ത് അധികൃതർക്കും പരാതി നൽകിയിരിക്കുകയാണ്.

വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് മാത്യു മത്തായി ആതിര അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി അജിമോൻ.കെ.എസ്,ട്രഷറർ  ഷാജിമോൻ.പി.എ,സഹ ഭാരവാഹികളായ ജോസ് കുന്നത്ത്, റഫീഖ്.കെ.വി, ഷിബിൻ. വി.കെ,സുനിൽ ജോർജ്,കെ.ജോസഫ്,സജി വർഗീസ്,ലിയോ ടോം, പ്രഭാകരൻ,വേണുഗോപാൽ,ശിവദാസ് എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments