ജില്ലയില്‍ ഭൂമിയില്ലാത്ത പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് ഭൂമി ഉറപ്പാക്കുമെന്ന് പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ രണ്ടാം ഗേറ്റ് നാരങ്ങക്കുന്ന് നിവാസികള്‍ക്ക് പട്ടയം വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖയെന്ന പദ്ധതിയിലൂടെ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ മാനന്തവാടി നിയോജക മണ്ഡലത്തില്‍ 5000 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കാന്‍ കഴിഞ്ഞതായും മന്ത്രി അറിയിച്ചു. തോല്‍പ്പെട്ടി നരിക്കല്‍, തൃശ്ശിലേരി, ഇടിയംകുന്ന് പ്രദേശങ്ങളിലെ കുടുംബങ്ങള്‍ക്ക് ഘട്ടം ഘട്ടമായി രേഖ നല്‍കാന്‍ സാധിച്ചു. ഇതിന്റെ തുടര്‍ച്ചയായാണ് നാരങ്ങാകുന്ന് പ്രദേശത്തെ ഗുണഭോക്താക്കള്‍ക്ക് പട്ടയം ലഭ്യമാക്കിയത്. പട്ടയം ലഭിക്കാത്തവര്‍ക്ക് രേഖ അനുവദിക്കുന്നതിനുള്ള തുടര്‍നടപടികള്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു.
നിലവില്‍ പലരും കൈവശം വെക്കുന്ന ഭൂമി മുന്‍കാലങ്ങളില്‍ പട്ടയം അനുവദിച്ചതോ, വനഭൂമി, ഗോത്ര വിഭാഗക്കാരുടെ ഭൂമി, മിച്ചഭൂമി വിഭാഗത്തില്‍പ്പെട്ടതാവാം. അത്തരതില്‍ കണ്ടെത്തുന്ന ഭൂമികളുടെ സങ്കീര്‍ണത പരിശോധിച്ച് പരിഹരിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.
പട്ടികജാതി- പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് കുറഞ്ഞത് അഞ്ച് സെന്റ് ഭൂമി ഉറപ്പാക്കാന്‍ ആവശ്യമായ ധനസഹായം വകുപ്പ് അനുവദിച്ചിട്ടുണ്ട്. ഭൂമിയില്ലാത്ത പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് മരിയനാട് എസ്റ്റേറ്റിലെ ഭൂമി വിതരണം ചെയ്യാനുള്ള ക്രമീകരണങ്ങള്‍ നടക്കുന്നുണ്ട്. തിരുനെല്ലി പഞ്ചായത്തില്‍ നടന്ന അദാലത്തില്‍ 64 കുടുംബങ്ങള്‍ക്ക് മന്ത്രി പട്ടയം കൈമാറി. ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അധ്യക്ഷയായ പട്ടയമേളയില്‍ തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഞ്ജു ബാലന്‍, സര്‍വെ ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍ ബാബു, തഹസില്‍ദാര്‍ പി.യു സിത്താര, ജില്ലാ സര്‍വ്വെ സൂപ്രണ്ട് റോയ് തോമസ്, തിരുനെല്ലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി ഗോപിനാഥന്‍, ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ അംഗം കെ.ആര്‍ ജിതിന്‍, ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ അംഗം ബേബി മാസ്റ്റര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.

0 Comments