ന്യൂഡൽഹി : പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കിടയിൽ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില വർധിച്ചു. എന്നാൽ വ്യാഴാഴ്ച രാജ്യത്തെ പ്രധാന നഗരങ്ങളിലെ പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല. ആഗോള വിപണിയിലെ തിരിച്ചടികൾ സാധാരണക്കാരെ ബാധിക്കാതിരിക്കാൻ നികുതിയിളവുകൾ നൽകാൻ കേന്ദ്ര സർക്കാർ തയ്യാറാകാത്തത് പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്.
ഡൽഹി, മുംബൈ, ബെംഗളൂരു, ചെന്നൈ, കൊൽക്കത്ത തുടങ്ങിയ നഗരങ്ങളിൽ വില മാറ്റമില്ലാതെ തുടരുന്നു. 2022 മെയ് മാസത്തിൽ കേന്ദ്രവും ചില സംസ്ഥാനങ്ങളും നികുതി കുറച്ചതിന് ശേഷം രാജ്യത്ത് ഇന്ധനവിലയിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടില്ല. അന്താരാഷ്ട്ര വിപണിയിലെ ചാഞ്ചാട്ടം വരും ദിവസങ്ങളിൽ ആഭ്യന്തര വിപണിയിലെ റീട്ടെയിൽ വിലയെ ബാധിച്ചേക്കുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ മൂന്ന് പ്രധാന എണ്ണക്കമ്പനികളാണ് രാജ്യത്തെ ഇന്ധനവില നിശ്ചയിക്കുന്നത്. എല്ലാ ദിവസവും രാവിലെ 6 മണിക്ക് ആഗോള വിപണിയിലെ വിലയും രൂപയുടെ മൂല്യവും കണക്കാക്കി വില പുതുക്കണമെന്നാണ് വ്യവസ്ഥയെങ്കിലും, പലപ്പോഴും കമ്പനികൾ ലാഭം ലക്ഷ്യമിട്ട് വില കുറയ്ക്കാൻ തയ്യാറാകാറില്ല. എണ്ണവില നിർണ്ണയാധികാരം കമ്പനികൾക്ക് വിട്ടുനൽകിയ കേന്ദ്ര നയം സാധാരണക്കാർക്ക് തിരിച്ചടിയാവുകയാണ്.
ഇന്ത്യയിൽ ഇന്ധനവില കുറയാത്തതിന് നിരവധി കാരണങ്ങളുണ്ട്. പെട്രോൾ, ഡീസൽ എന്നിവയുടെ പകുതിയോളം വില കേന്ദ്ര-സംസ്ഥാന നികുതികളാണ്. എക്സൈസ് ഡ്യൂട്ടി കുറയ്ക്കാൻ കേന്ദ്രം തയ്യാറാകാത്തതാണ് വില ഉയർന്ന നിലയിൽ തുടരാൻ ഒരു കാരണം.
ഇന്ത്യക്കാവശ്യമായ ക്രൂഡ് ഓയിലിന്റെ വലിയൊരു ഭാഗവും ഇറക്കുമതി ചെയ്യുന്നതാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നത് ഇറക്കുമതി ചെലവ് വർധിപ്പിക്കുകയും ഇത് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുകയും ചെയ്യുന്നതാണ് മറ്റൊരു കാരണം.
ക്രൂഡ് ഓയിൽ, പെട്രോളും ഡീസലുമായി മാറ്റുന്നതിനുള്ള ചെലവും വിപണിയിലെ ആവശ്യകതയും വിലയെ സ്വാധീനിക്കുന്നു. ചുരുക്കത്തിൽ, ആഗോള വിപണിയിലെ അസ്ഥിരത തുടർന്നാൽ അത് രാജ്യത്തെ നിത്യോപയോഗ സാധനങ്ങളുടെയടക്കം വിലക്കയറ്റത്തിന് കാരണമാകും. മാത്രമല്ല, ഹോർമുസ് കടലിടുക്ക് അടച്ചതിനാൽ വരും ദിവസങ്ങളിൽ ഇറക്കുമതി കുറയും. ഇതോടെ ഇന്ധനവില വർധിക്കും.

0 Comments