ജസ്‌ലിയയുടെ മരണം; ഡോ. സിറിയക്കിനായി ലുക്ക് ഔട്ട് സർക്കുലർ ഇറക്കാൻ പോലീസ് നീക്കം


അങ്കമാലി: 19 വയസ്സുകാരിയായ ജസ്‌ലിയ ജോണിന്റെ മരണത്തിന് ഇടയാക്കിയ അപകടത്തിൽ പ്രതിയായ ഡോ. സിറിയക്കിനെ കണ്ടെത്താൻ പോലീസ് ലുക്ക്ഔട്ട് സർക്കുലർ ഇറക്കുന്നു. അപകടത്തിന് ശേഷം ഒളിവിൽ പോയ പ്രതി വിദേശത്തേക്ക് കടക്കുന്നത് തടയാനാണ് പോലീസ് ഈ നടപടി സ്വീകരിക്കുന്നത്. സിറിയക്കിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ഇയാളുടെ സ്വദേശമായ അതിരമ്പുഴയ്ക്ക് പുറമേ, ഏലപ്പാറയിലുള്ള ബന്ധുവീടുകളിലും പോലീസ് സംഘം പരിശോധന നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല.

അങ്കമാലി മോണിംഗ് സ്റ്റാർ കോളേജിലെ രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിനിയായിരുന്നു എടവനക്കാട് സ്വദേശിനിയായ ജസ്‌ലിയ. പഠനത്തോടൊപ്പം കായികരംഗത്തും മികവ് പുലർത്തിയിരുന്ന ജസ്‌ലിയ, സ്വന്തം പഠനച്ചെലവിനായി അങ്കമാലിയിലെ ഒരു പിസ ഔട്ട്‌ലെറ്റിൽ പാർട്ട് ടൈം ജോലി ചെയ്തുവരികയായിരുന്നു. ജോലിയുള്ളതിനാൽ കോളേജ് ഹോസ്റ്റലിലായിരുന്നു താമസം.

കഴിഞ്ഞ ഫെബ്രുവരി 28-ന് രാത്രി ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ അങ്കമാലി ടെൽക് ജംഗ്ഷനിൽ വെച്ചാണ് ജസ്‌ലിയ സഞ്ചരിച്ചിരുന്ന വാഹനത്തിൽ ഡോക്ടറുടെ കാർ ഇടിക്കുന്നത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജസ്‌ലിയയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. തീരാദുഃഖത്തിനിടയിലും ജസ്‌ലിയയുടെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം എടുത്ത തീരുമാനം വലിയ മാതൃകയായിരുന്നു.

Post a Comment

0 Comments